കണ്ണൂര്‍: പാപ്പിനിശ്ശേരി തുരുത്തിയില്‍ നിര്‍ദ്ദിഷ്ട ദേശീയപാതാ ബൈപ്പാസ് അളവെടുപ്പിന് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധക്കാരില്‍ ഒരാള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. നടപടികളുമായി മുന്നോട്ടു പോകുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വേളാപുരം -പാപ്പിനിശ്ശേരി നിര്‍ദ്ദിഷ്ട ദേശീയപാതാ ബൈപ്പാസിലെ തുരുത്തിയില്‍ അലൈന്‍മെന്റില്‍ അപാകതകളുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികള്‍ ഏറെക്കാലമായി സമരത്തിലാണ്. സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നാണ് 28 ഓളം കുടുംബങ്ങളുടെ ആരോപണം.
ഇതേ തുടര്‍ന്ന് ഇവര്‍ സമ്മത പത്രത്തില്‍ ഒപ്പിട്ട് നല്‍കിയിരുന്നില്ല. ഇതിനിടയിലാണ് ഭൂമിയുടേയും വീടുകളുടേയും വില നിശ്ചയിക്കുന്നതിനായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുരുത്തിയിലെത്തിയത്. ഇവരെ പ്രദേശവാസികള്‍ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരില്‍ ഒരാളായ രാഹുല്‍ ദേഹത്ത് പെട്രാള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.
രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സമരക്കാരും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് സമരസമിതി കണ്‍വീനര്‍ നിഷില്‍കുമാര്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത് നീക്കി. പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെ സര്‍വ്വേ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു.
എന്നാല്‍ ദേശീയ പാതയ്ക്കായി ഏറ്റെടുത്ത സ്ഥലമാണിതെന്നും പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ നടപടികളുമായി മുന്നോട്ട് പോകുമെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പ്രദേശത്തെ സര്‍വ്വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കലക്ടര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം.