ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 30 നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. തലസ്ഥാന നഗരങ്ങളില്‍ ഡല്‍ഹിക്ക് ഒന്നാം സ്ഥാനവും. ആദ്യ പത്തില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയിലെ സിന്‍ജിയാങ് ഒഴികെ ഒന്‍പതും ഇന്ത്യന്‍ നഗരങ്ങളാണെന്നും സ്വിസ്സ് സംഘടനയായ ഐ ക്യൂ എയര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
അന്തരീക്ഷ മലിനീകരണത്തില്‍ ഇന്ത്യയില്‍ ഒന്നാമതും ലോകത്ത് രണ്ടാമതുമായ നഗരം ഗാസിയാബാദാണ്. ബുലന്ദ് ശഹര്‍, ബിസ്‌റക് ജലാല്‍ പൂര്‍, നോയിഡ, ഗ്രേറ്റര്‍ നോയിഡ, കാന്‍പൂര്‍ , ലക്‌നൗ, ബിവാരി എന്നിവയാണ് തൊട്ടു പിന്നാലെയുള്ളത്. അന്തരീക്ഷ വായു ഏറ്റവും മോശമുള്ള നഗരങ്ങളില്‍ ഡല്‍ഹിക്ക് പത്താം സ്ഥാനമാണുള്ളത്. 2019 ലേതിനേക്കാള്‍ 15 % മെച്ചപ്പെട്ടു എന്നതില്‍ ഡല്‍ഹിക്ക് ആശ്വസിക്കാം.
ആഗ്ര, മീററ്റ്, മുസഫര്‍ നഗര്‍, ഫരീദ ബാദ്, ജിന്ദ്, ഹിസാര്‍, ഫത്തേഹഡ്, ബാന്ദ്വാരി, ഗുരു ഗ്രാം, യമുന നഗര്‍, റോത്തക്ക്, ദരുഹേര, മുസഫര്‍പൂര്‍ എന്നിവയാണ് പട്ടികയിലുള്ള ഇന്ത്യയിലെ മറ്റു നഗരങ്ങള്‍. 2.5 മൈക്രോണില്‍ താഴെയുള്ള വിനാശകരമായ പാര്‍ട്ടിക്യൂലേറ്റ് മാറ്റര്‍ സംബന്ധിച്ച് 106 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.