രക്ഷിതാക്കളുമായി എത്താനാവശ്യപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാനില്ല; സംഭവം മലപ്പുറത്ത്
മലപ്പുറം: ക്ലാസ് നടക്കുന്ന മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിനെ തുടര്‍ന്ന് രക്ഷിതാക്കളുമായി എത്താനാവശ്യപ്പെട്ടു സ്‌കൂളില്‍നിന്നു പുറത്താക്കിയ പത്താം ക്ലാസ് വിദ്യാര്‍ഥികളെ കാണാനില്ലെന്നു പരാതി. മൂര്‍ക്കനാട് എസ്എസ്എച്ച്എസ് സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. തിങ്കളാഴ്ച വൈകിട്ടു മൂന്ന് മണി മുതല്‍ കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞു. കാണാതായ ദിവസം രാത്രി മുഴുവന്‍ ബന്ധുക്കള്‍ അന്വേഷിച്ചിട്ടും കുട്ടികളെ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടികളെ പുറത്താക്കിയിട്ടില്ലെന്നും രക്ഷിതാവിനെ കൂട്ടിവരണമെന്നാണ് പറഞ്ഞതെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ഒരു കുട്ടിയുടെ രക്ഷിതാവിനെ വിളിച്ചു കാര്യങ്ങള്‍ അറിയിച്ചതാണെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം കുട്ടികളെ കാണാനില്ലെന്ന് അറിയിച്ചിട്ടും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നു നടപടികളുണ്ടായില്ലെന്ന് കാണാതായ ഒരു കുട്ടിയുടെ സഹോദരന്‍ ആരോപിച്ചു.