ആലപ്പുഴയില്‍ വഴിയോരക്കച്ചവടക്കാരില്‍ നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു
ആലപ്പുഴ: ആലപ്പുഴയിലെ പ്രസിദ്ധമായ മുല്ലയ്ക്കല്‍-കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായെത്തിയ വഴിയോരക്കച്ചവടക്കാരുടെ അടുത്ത് നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ ദിവസം കൈകളില്‍ ടാറ്റൂ പതിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ടത്.
തീപ്പൊള്ളലിന് സമാനമായി ടാറ്റൂ ചെയ്ത ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. മൈലാഞ്ചി പതിക്കല്‍ എന്ന പേരില്‍ തെരുവുകളില്‍ ലേലം പിടിച്ച് കട നടത്തുന്നവരാണ് ടാറ്റൂ പതിക്കലും നടത്തുന്നത്. ആണ്‍കുട്ടികളാണ് മുഖ്യമായും ഇവരുടെ വലയില്‍ വീഴുന്നത്. വിവിധ ആകൃതിയിലുള്ള ടാറ്റൂ കൈത്തണ്ടിലും ശരീര ഭാഗങ്ങളിലും പതിപ്പിച്ചു.
യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരുടെ വിവരങ്ങള്‍ മാത്രമാണ് പുറത്ത് വന്നതെങ്കിലും പലരും പൊള്ളല്‍ രഹസ്യമാക്കി വെച്ചിരിക്കുന്നതായി സംശയമുണ്ടെന്നും അധ്യാപകര്‍ പറയുന്നു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ടാറ്റൂ പതിക്കല്‍ നടത്തിയ കച്ചവടക്കാരെ മുനിസിപാലിറ്റി ഒഴിപ്പിച്ചു.