കോട്ടയം: പരീക്ഷകള്‍ കൃത്യസമയത്ത് നടത്താത്ത എം.ജി സര്‍വകലാശാലയുടെ നടപടിക്കെതിരെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും റിസള്‍ട്ട് പ്രഖ്യാപിച്ചില്ലെന്നും അഞ്ചാം സെമസ്റ്ററിലേക്ക് കടന്നിട്ടും മറ്റ് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തിയിട്ടില്ലെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഏഴ് ലോ കോളജുകളിലെ ആയിരത്തോളം വരുന്ന രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥികളാണ് യുണിവേഴ്സിറ്റിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് ഒരുവര്‍ഷവും രണ്ട് മാസവും പിന്നിട്ടിട്ടും പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടില്ല.
ഇപ്പോള്‍ നാലാം സെമസ്റ്റര്‍ കഴിഞ്ഞ് അഞ്ചാം സെമസ്റ്ററിലേക്ക് കടക്കുമ്പോഴും 2, 3 സെമസ്റ്ററുകളിലെ പരീക്ഷകള്‍ നടത്താന്‍ യൂണിവേഴ്സിറ്റി തയാറായിട്ടില്ല. പരീക്ഷകള്‍ കൃത്യസമയത്ത് നടത്തിയില്ലെങ്കില്‍ അധ്യയന കാലാവധി നീണ്ടുപോകുമോ എന്നും പരീക്ഷകള്‍ ഒരുമിച്ച് നടത്തുന്ന അവസ്ഥയുണ്ടായാല്‍ അത് റിസള്‍ട്ടിനെ സാരമായി ബാധിക്കുമോ എന്നുമുള്ള ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ അധികാരികള്‍ക്ക് പരാതികള്‍ സമര്‍പ്പിച്ചുവെങ്കിലും ആരുടെ ഭാഗത്ത് നിന്ന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. എത്രയും പെട്ടെന്ന് പരീക്ഷകള്‍ കൃത്യസമയത്ത് നടത്താനുള്ള നടപടികള്‍ യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.