കൊടുങ്ങല്ലൂരില്‍ തൂങ്ങിമരണ വീഡിയോ ചിത്രീകരിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
കൊടുങ്ങല്ലൂര്‍: തൂങ്ങിമരണത്തിന്റെ വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ മേത്തല പറമ്പിക്കുളങ്ങര കാര്യേഴത്ത് കിഷോറിന്റെയും ശ്രീജയുടെയും ഏകമകന്‍ അദ്വൈതാ (15)ണ് മരിച്ചത്. ചൊവ്വാഴ്ച അദ്വൈതിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരിന്നു. മൊബൈല്‍ ഫോണില്‍ വിഡിയോ ഓണാക്കി വെച്ചായിരുന്നു ആത്മഹത്യ.
കൂട്ടുകാരുമായി പങ്കുവെയ്ക്കുന്നതിനായാണ് അദ്വൈത് ആത്മഹത്യാ വീഡിയോ ചിത്രീകരിക്കാന്‍ മുതിര്‍ന്നത്. വീടിനുള്ളിലെ ഹാളിലെ കോണിയുടെ കൈവരിയില്‍ ഷാളില്‍ കുടുക്കിട്ട് അദ്വൈത് താഴേക്ക് ചാടുകയായിരുന്നു. കണക്കുകൂട്ടലുകള്‍ തെറ്റി കാല്‍ തറയിലേക്ക് എത്താതിരുന്നതാണ് ദാരുണമായ മരണത്തിനിടയാക്കിയത്. മരണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സംഭവസ്ഥലത്തുനിന്നു കിട്ടിയ മൊബൈല്‍ ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചു.
പുല്ലൂറ്റ് ഗുരുശ്രീ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് അദ്വൈത്. അതേസ്‌കൂളിലെ പ്രിന്‍സിപ്പല്‍ കൂടിയായ അമ്മയോടൊപ്പമാണ് വൈകീട്ട് വീട്ടിലെത്തിയത്. പിന്നീട് അച്ഛനും അമ്മയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് അദ്വൈതിനെ മരിച്ച നിലയില്‍ കണ്ടത്.