കുത്തിയൊലിക്കുന്ന റോഡിലെ വെള്ളക്കെട്ടില്‍ അകപ്പെട്ട അംഗപരിമിതന് കൈത്താങ്ങായി വിദ്യാര്‍ത്ഥികള്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ചാരുംമൂട്: വെള്ളക്കെട്ടില്‍ അകപ്പെട്ട അംഗപരിമിതനെ സഹായിച്ച് ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ചാരുംമൂട് ജങ്ഷനില്‍ കാലുകള്‍ വയ്യാതെ നിരങ്ങി നീങ്ങുന്ന അംഗപരിമിത് പെട്ടുപോയപ്പോള്‍ നാട്ടുകാരുള്‍പ്പെടെ പലരും കാഴ്ചക്കാരായി നില്‍ക്കുക മാത്രമാണ് ചെയ്തത്. ഇയാളെ സഹായിക്കാന്‍ കൈത്താങ്ങായി യൂണിഫോം നനയുമെന്ന ഭയമൊന്നുമില്ലാതെ മുന്നോട്ട് വരികയായിരുന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.
ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് ജങ്ഷന്റെ കിഴക്കുവശം കെപി റോഡില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ അംഗപരിമിതന്‍ മുങ്ങിപ്പോയത്. കാലുകള്‍ക്കു ശേഷിയില്ലാത്തതിനാല്‍ കൈകള്‍ കുത്തി നടക്കുന്ന തമിഴ്നാട് സ്വദേശി അരയ്ക്ക് മുകളില്‍ വെള്ളക്കെട്ടിനുള്ളില്‍ അകപ്പെട്ടു പോവുകയായിരുന്നു.
ഈ സമയത്ത് മഴയിലൂടെ നടന്നു വന്ന താമരക്കുളം വിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ വെള്ളക്കെട്ടില്‍ നിന്നും ഇയാളെ പൊക്കിയെടുത്ത് കടത്തിണ്ണയിലേക്ക് മാറ്റുകയായിരുന്നു. അപ്പോഴും കൈയ്യും കെട്ടി മഴ നനയുമെന്ന ആശങ്കയില്‍ നോക്കി നില്‍ക്കുകയായിരിന്നു നാട്ടുകാര്‍.