ഓടുന്ന ട്രെയില്‍ നിന്ന് വിദ്യാര്‍ത്ഥി ട്രാക്കിലേക്ക് തെറിച്ചു വീണു
വടകര: തിരുനെല്‍വേലി-ദാദര്‍ എക്‌സ്പ്രസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്. കണ്ണൂര്‍ പട്ടാനൂര്‍ കോവൂരിലെ ശ്രീരാഗത്തില്‍ കെ.വി. അനുരാഗിനാണ് (19) പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ അനുരാഗിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഏറണാകുളത്ത് നേവിയുടെ പരീക്ഷയ്ക്ക് പോയി തിരിച്ചു വരികയായിരുന്നു അനുരാഗ്. കുഞ്ഞിപ്പള്ളിക്കു സമീപത്തുവെച്ചാണ് അനുരാഗ് പുറത്തേക്ക് തെറിച്ചുവീണത്. സുഹൃത്തുക്കള്‍ സംഭവം സഹയാത്രികരെ അറിയിച്ചു. തുടര്‍ന്ന് വടകര റെയില്‍വേ സ്റ്റേഷനില്‍ വിവരമെത്തി. നാദാപുരം റോഡിനും മാഹിക്കും ഇടയില്‍ എവിടെയോ ആണ് സംഭവമെന്നു മാത്രമേ അറിയാമായിരുന്നുള്ളൂ.
ഇതോടെ പിന്നാലെവന്ന കോയമ്ബത്തൂര്‍-കണ്ണൂര്‍ പാസഞ്ചറിന് ട്രാക്ക് പരിശോധിച്ചുകൊണ്ട് മെല്ലെ പോകാന്‍ വടകര സ്റ്റേഷന്‍ സൂപ്രണ്ട് നിര്‍ദേശം നല്‍കി. ഇതുപ്രകാരം മെല്ലെപോയ ഈ വണ്ടിയിലെ ലോക്കോപൈലറ്റാണ് കുഞ്ഞിപ്പള്ളിക്കു സമീപം ട്രാക്കിനരികില്‍ കിടക്കുന്ന അനുരാഗിനെ കണ്ടത്. യാത്രക്കാരും മറ്റും ചേര്‍ന്ന് ഇതേ വണ്ടിയില്‍ മാഹിവരെ അനുരാഗിനെ കൊണ്ടുപോയി. ഇവിടെനിന്ന് ആംബുലന്‍സില്‍ കോഴിക്കോട്ടെത്തിക്കുകയായിരിന്നു.