CricketNewsSports

ബ്രോഡിന് വീരോചിത യാത്രയയപ്പ്,ഓവലില്‍ ഓസീസിന്റെയും കാണികളുടെയും ഗാര്‍ഡ് ഓഫ് ഓണര്‍(വീഡിയോ)

ഓവല്‍: ഇത്ര സുന്ദരമായ കാഴ്ച ക്രിക്കറ്റില്‍ മറ്റൊന്നില്ല, ഓസീസ് ടീം രണ്ട് വരിയായി നിരന്നുനിന്ന് അയാളെ ഓവലിന്‍റെ മുറ്റത്തേക്ക് ആനയിച്ചു, കാണികള്‍ ആഹ്‌ളാദാരവങ്ങളോടെ എഴുന്നേറ്റ് നിന്ന് സ്വാഗതമോതി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച ഇംഗ്ലീഷ് പേസ് ഇതിഹാസം സ്റ്റുവര്‍ട്ട് ബ്രോഡിന് ഓസീസ് ടീമും ഓവലും ഗംഭീര ഗാര്‍ഡ് ഓഫ് ഓണറാണ് നല്‍കിയത്.

ആഷസ് അഞ്ചാം ടെസ്റ്റിന്‍റെ നാലാം ദിനം ഓവലില്‍ ബ്രോഡ് ബാറ്റിംഗിനായി എത്തിയപ്പോഴായിരുന്നു കായിക പ്രേമികളുടെ മനംമയക്കിയ ഈ കാഴ്ച. ആഷസ് വൈരം മൈതാനത്തിന് പുറത്ത് വച്ച് ഹൃദ്യമായ യാത്രയപ്പാണ് നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ നേതൃത്വത്തില്‍ ഓസീസ് ടീം എക്കാലത്തേയും വലിയ എതിരാളികളിലൊരാളായ ബ്രോഡിക്ക് നല്‍കിയത്. തന്‍റെ അവസാന ടെസ്റ്റ് ഇന്നിംഗ്‌സില്‍ ബ്രോഡ് 8 പന്തില്‍ 8* റണ്‍സുമായി പുറത്താവാതെ നിന്നു. 

ഓവല്‍ വേദിയാവുന്ന അഞ്ചാം ആഷസ് ടെസ്റ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് എക്കാലത്തെയും മികച്ച ടെസ്റ്റ് പേസര്‍മാരിലൊരാളായ സ്റ്റുവര്‍ട്ട് ബ്രോ‍ഡ് ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു. 167 ടെസ്റ്റില്‍ നിന്ന് 602 വിക്കറ്റുമായി എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളെന്ന ഖ്യാതി ബ്രോഡിനുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ പേസറാണ്. അഞ്ച് മത്സരങ്ങളുടെ ആഷസില്‍ ഇക്കുറി ഒരിന്നിംഗ്‌സ് അവസാനിക്കേ 20 വിക്കറ്റുമായി ഫോമിന്‍റെ ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് ബ്രോഡിന്‍റെ വിരമിക്കല്‍ എന്നത് ഏവരേയും ഞെട്ടിച്ചു. 2007 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെ ആയിരുന്നു ബ്രോഡിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. 2015ല്‍ ഓസ്‌ട്രേലിയക്കെതിരെ ട്രെന്റ് ബ്രിഡ്ജില്‍ 15 റണ്‍സിന് എട്ട് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.

2011ല്‍ ഇന്ത്യക്കെതിരെ 5.1 ഓവറില്‍ 5 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയതും ശ്രദ്ധേയം. 121 ഏകദിനങ്ങളും 56 ട്വന്‍റി 20കളും കളിച്ച താരം നേരത്തെ തന്നെ ഇരു ഫോര്‍മാറ്റുകളില്‍ നിന്ന് മാറിനിന്നിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ യുവ്‌രാജ് സിംഗിനോട് ഒരോവറില്‍ ആറ് സിക്‌സുകള്‍ വഴങ്ങിയ ശേഷം ടെസ്റ്റില്‍ 600 വിക്കറ്റ് ക്ലബിലേക്ക് എത്തി ഇതിഹാസമായി മാറുകയായിരുന്നു സ്റ്റുവര്‍ട്ട് ബ്രോഡ്. 

അതേസമയം ഓവലിലെ അവസാന ടെസ്റ്റില്‍ ഓസീസിന് മുന്നില്‍ 384 റണ്‍സിന്‍റെ പടുകൂറ്റന്‍ വിജയലക്ഷ്യം രണ്ടാം ഇന്നിംഗ്‌സില്‍ വച്ചുനീട്ടിയിരിക്കുകയാണ് ഇംഗ്ലണ്ട്. സാക്ക് ക്രൗലി(73), ബെന്‍ ഡക്കെറ്റ്(42), ബെന്‍ സ്റ്റോക്‌സ്(42), ജോ റൂട്ട്(91), ജോണി ബെയ്‌ര്‍സ്റ്റോ(78) എന്നിവരുടെ കരുത്തില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 395 റണ്‍സ് നേടി. ആദ്യ ഇന്നിംഗ്‌സില്‍ 12 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു ബാസ്ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ടിന്‍റെ റണ്‍മല കയറ്റം. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ടോഡ് മര്‍ഫിയും നാല് വീതവും ജോഷ് ഹേസല്‍വുഡും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റും സ്വന്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker