EntertainmentKeralaNews

‘മമ്മൂട്ടി ചില്ലറക്കാരനല്ല, മോഹൻലാൽ തനിക്ക് ഭീഷണിയാകുമെന്ന് മുൻകൂട്ടി കണ്ടു’; വൈറലായി ശ്രീനിവാസന്റെ വാക്കുകള്‍

കൊച്ചി:മലയാള സിനിമയുടെ രണ്ടു നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹൻലാലും. നാൽപത് വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് രണ്ടു പേരും. പ്രേക്ഷകരെ പോലെ തന്നെ മലയാള സിനിമ ആകെ ഇഷ്ടപ്പെടുന്ന രണ്ടു താരങ്ങളാണ് ഇരുവരും. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇവരുടെ കടുത്ത ആരാധകരാണ്. പരസ്‌പരം വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന സൂപ്പർ താരങ്ങളാണ് ഇരുവരും. സഹോദര തുല്യനല്ല സഹോദരൻ തന്നെയാണ് തനിക്ക് ഇച്ചാക്ക (മമ്മൂട്ടി) യെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്.

ഏകദേശം ഒരേ സമയത്താണ് ഇവർ മലയാള സിനിമയിൽ സജീവമാകുന്നതും സൂപ്പർ താരങ്ങളായി ഉയർന്നു വരുന്നതും. എന്നാൽ സിനിമയിൽ എത്തിയ ആദ്യ നാല് വർഷങ്ങളിൽ വില്ലൻ വേഷങ്ങളിലാണ് മോഹൻലാൽ കൂടുതലായി എത്തിയിരുന്നത്. ആ സമയത്ത് മമ്മൂട്ടി നായക വേഷങ്ങളിൽ തിളങ്ങുകയായിരുന്നു. ഇപ്പോഴിതാ, അക്കാലത്ത് മമ്മൂട്ടി പറഞ്ഞതായി ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഒരു സിനിമയിൽ പോലും നായകനാകാത്ത മോഹൻലാൽ ഉടനെ നായകൻ ആകുമെന്നും തനിക്ക് ഭീഷണിയാകുമെന്നും മമ്മൂട്ടി ദീർഘവീക്ഷണത്തോടെ കണ്ട് തന്നോട് പറഞ്ഞിരുന്നു എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. ഒരിക്കൽ കൈരളി ടിവിയിൽ താൻ ചെയ്യുന്ന പ്രത്യേക പരിപാടിയിലാണ് ശ്രീനിവാസൻ ഇക്കാര്യം പറഞ്ഞത്. മോഹൻലാലിനെ ആദ്യമായി കണ്ട കഥ പറയുന്നതിന് ഒപ്പമാണ് നടൻ മമ്മൂട്ടി പറഞ്ഞതും ഓർത്തത്. ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ.

‘മധുരാശിയിലെ സ്വാമീസ് ലോഡ്ജിൽ വെച്ച് ഒരു സംഭവമുണ്ടായി. സ്വാമീസ് ലോഡ്ജ് എന്ന് പറഞ്ഞാൽ ചെറിയ ചെറിയ മുറികളൊക്കെ ഉള്ള കുറഞ്ഞ വാടക മാത്രമുള്ള ലോഡ്ജാണ്. ആദ്യ കാലത്ത് അവിടെ നിന്നവരൊക്കെ വലിയ വലിയ താരങ്ങളായി മാറിയിട്ടുണ്ട്. അവിടെ ചെന്നാൽ വലിയ നടനാകാം എന്ന തെറ്റിദ്ധാരണയിൽ നിരവധിപേർ അങ്ങോട്ട് വണ്ടി കേറി വന്ന് താമസിച്ചു തിരിച്ചു പോകാൻ പൈസ ഇല്ലാതെ കറങ്ങുന്നത് കണ്ടിട്ടുണ്ട്’,

‘അങ്ങനെ ഒരു ദിവസം ഞാൻ സ്വാമീസ് ലോഡ്ജിന്റെ വരാന്തയിലൂടെ നടക്കുമ്പോൾ ഒരു റൂമിൽ നിന്ന് ശ്രീനി എന്നൊരു വിളി വന്നു. നിർമ്മാതാവ് ജി സുരേഷ് കുമാർ ആയിരുന്നു അത്. സുരേഷുമായി എനിക്ക് പരിചയമുണ്ടായിരുന്നു. ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആ മുറിയിലേക്ക് ഒരു തടിയൻ, ഞൊണ്ടിക്കാലൻ കയറി വന്നു. അയാളും സുരേഷിന്റെ കൂടെ താമസിക്കുന്നതാണ് എന്ന് മനസിലായി. സുരേഷ് അയാളെ എനിക്ക് പരിചയപ്പെടുത്തി. സുഹൃത്താണ്. ഞൊണ്ടിക്കാല് ബൈക്കപകടത്തിൽ പറ്റിയതാണ്. സിനിമയിൽ അഭിനയിക്കാൻ വന്നതാണെന്ന് പറഞ്ഞു’,

‘ഞാൻ അയാളോട് നാടകത്തിൽ അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞു. ഇന്സ്ടിട്യൂട്ടിൽ ചേർന്ന് അഭിനയം പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അതും ഇല്ല. എനിക്ക് ഉള്ളിൽ ചിരിവന്നു. ഇവിടെ ഒരുത്തൻ ഇതെല്ലാം കഴിഞ്ഞു വന്നിട്ടും വെറുതെ നടക്കുകയാണ്. അപ്പോഴാണ് ഒരു പിണ്ണാക്കും അറിയാതെ അഭിനയിക്കാൻ വന്നേക്കുന്നത്. ഇവിടെ കിടന്ന് പട്ടിണി കിടക്കാതെ വേഗം രക്ഷപ്പെട്ടോ. അവന്റെ മുഖം കണ്ടാലും മതി. ബലൂൺ വേർപിച്ച പോലെ, എന്നൊക്കെ എനിക്ക് മനസ്സിൽ തോന്നി’,

‘അപ്പോൾ അയാൾ എന്നോട് നിങ്ങളുടെ മേള എന്ന സിനിമയിലെ അഭിനയം നന്നായിരിക്കുന്നു എന്ന് പറഞ്ഞു. മറ്റുള്ളവർ പ്രശംസിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് സന്തോഷമായി. അയാളോട് സോഫ്റ്റ് കോർണറും തോന്നി. അപ്പോൾ ഞാൻ അയാളോട് പേര് ചോദിച്ചു. അയാൾ മോഹൻലാൽ എന്ന് പറഞ്ഞു.’

‘ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങിയതോടെ തടിയനും. ഒരു വശം ചരിഞ്ഞവനും ബലൂൺ പോലെ മുഖമുള്ളവൻ എന്ന് ഞാൻ വിചാരിച്ചവനും ആയ ആ വിദ്വാൻ കേരളത്തിലേ പ്രേക്ഷകരെ അതിശയിപ്പിച്ചു’,

‘മമ്മൂട്ടി അപ്പോൾ നായകനായി തിളങ്ങി നിൽക്കുകയാണ്. മോഹൻലാൽ കുറച്ചു സിനിമകളിൽ കൂടി വില്ലനായി തുടർന്നു. അങ്ങനെ ഒരു ദിവസം മധുരാശിയിലെ ഹോട്ടലിൽ വെച്ച് കണ്ടപ്പോൾ മമ്മൂട്ടി എന്നോട് പറഞ്ഞു. ആ വിദ്വാനെ, മോഹൻലാലിനെ സൂക്ഷിക്കണം. അവൻ അടുത്ത് തന്നെ നായകനാകും എന്ന് മാത്രമല്ല എനിക്ക് ഒരു ഭീഷണിയാകാനും സാധ്യതയുണ്ട്. മോഹൻലാൽ വില്ലനായി നിൽക്കുമ്പോൾ ആണ് മമ്മൂട്ടിയുടെ ഈ ദീർഘവീക്ഷണത്തോടെയുള്ള കമന്റ്. അതിനർത്ഥം മമ്മൂട്ടി ചില്ലറക്കാരനല്ല എന്നാണ്’, ശ്രീനിവാസൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button