മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റേയും വഫയുടേയും ലൈസന്‍സ് റദ്ദാക്കും
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെയും വഫാ ഫിറോസിന്റെയും ലൈസന്‍സ് ഇന്ന് റദ്ദാക്കും. ശ്രീരാമിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി വൈകുന്നെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഇതുവരെ നേരിട്ട് നോട്ടീസ് കൈപ്പറ്റിയിട്ടില്ലന്നുമാണു വിശദീകരണം. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പോലീസ് ആവശ്യപ്പെട്ടതു വൈകിയതുകൊണ്ടാണു നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചിരുന്നു.
തുടര്‍ച്ചയായ നിയമലംഘനം ഉണ്ടെങ്കില്‍ മാത്രമേ ലൈസന്‍സ് റദ്ദാക്കാനാകൂവെന്നയിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ നിലപാട്. ഇത് ഒറ്റപ്പെട്ട സംഭവമായതിനാല്‍ ശ്രീറാമിന്റ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനേ പറ്റൂ. സസ്പെന്‍ഡ് ചെയ്യണമെങ്കില്‍ ശ്രീറാമിന്റ വാദം കൂടി കേള്‍ക്കണം. ഇതിനായി നോട്ടീസ് നല്‍കിയെങ്കിലും പഴ്സണല്‍ സ്റ്റാഫ് എന്ന പേരില്‍ മറ്റൊരാളാണ് കൈപ്പറ്റിയത്. അതിനു മറുപടി കിട്ടിയിട്ടില്ല. തരുന്നില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കും. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ല. വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് പോയെങ്കിലും കാണാനായില്ലെന്നും വകുപ്പ് വ്യക്തമാക്കിയിരുന്നു.