വേശ്യ പരാമര്‍ശത്തില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുമ്പറമ്പിലിനെതിരെ ഉയര്‍ന്ന പ്രതിഷേധം ആളി കത്തുകയാണ്. ഇതിനോടൊപ്പം തന്നെ സാമൂഹ്യപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്ത്രീകള്‍ സഹിക്കേണ്ടി വരുന്ന ആക്രമണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തനിക്കു നേരിടേണ്ടിനവന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്നെഴുതിയിരി ക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കര.
”പരോക്ഷമായും ഒളിച്ചും പാത്തും എന്നെ ചിലര്‍ വിളിക്കുന്ന വേശ്യാ വിളികളേക്കാള്‍ അന്തസുണ്ട് മുസ്ലീങ്ങളുടെ കിടക്ക പങ്കിടുന്നവളാക്കി ചിത്രീകരിച്ചു കൊണ്ട് സംഘികള്‍ എന്നെ പ്രത്യക്ഷത്തില്‍ വിളിക്കുന്ന വേശ്യാ വിളികള്‍ക്ക്”എന്നാണ് ശ്രീജ പറയുന്നത്.ഫിറോസിനെതിരെ പ്രതികരിച്ച ജസ്ലയെ ആദരിക്കുന്നതായും ശ്രീജ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
”പരോക്ഷമായും ഒളിച്ചും പാത്തും എന്നെ ചിലര്‍ വിളിക്കുന്ന വേശ്യാ വിളികളേക്കാള്‍ അന്തസുണ്ട് മുസ്ലീങ്ങളുടെ കിടക്ക പങ്കിടുന്നവളാക്കി ചിത്രീകരിച്ചു കൊണ്ട് സംഘികള്‍ എന്നെ പ്രത്യക്ഷത്തില്‍ വിളിക്കുന്ന വേശ്യാ വിളികള്‍ക്ക്…
എത്ര വേശ്യാവിളികള്‍ അതിജീവിച്ചാണ് ഞാന്‍ എന്ന സ്ത്രീയുടെ പൊതു പ്രവര്‍ത്തന ജീവിതം മുന്നോട്ടു പോകുന്നതെന്ന് നിനക്കൊക്കെ അറിയുമോ…? എത്ര അതിജീവന പോരാട്ടം നടത്തിയിട്ടാണ് പൊതുബോധത്തെയും പാട്രിയാര്‍ക്കിയേയും മതത്തേയും ബ്രേക്ക് ചെയ്ത് ഞാന്‍ ജീവിച്ചു കൊണ്ടിരിക്കുന്നത് എന്നറിയുമോ…? ആണ്‍തുണ എന്ന പൊതുബോധ മുദ്രയെ തള്ളി കളഞ്ഞിട്ടു ഒരു പതിറ്റാണ്ടായി… ഞാന്‍ എഴുതുന്നത് വായിച്ചു നീയൊക്കെ കയ്യടിക്കുമ്പോള്‍ എടുത്ത രാഷ്ട്രീയ നിലപാടിന് ദിനംപ്രതി എന്നവണ്ണം പൊതുബോധം എനിക്ക് ചാര്‍ത്തി തന്ന പേരുകള്‍ നിനക്കൊക്കെ അറിയുമോ? ആ പേരാണിതൊക്കെ ‘മുസ്ലിം വര്‍ഗീയ വാദികളുടെ കിടപ്പറ പങ്കിടുന്നവള്‍’ ..’സ്വന്തം മകളെപ്പോലും കാക്കമാര്‍ക്ക് കൂട്ടിക്കൊടുക്കുന്നവള്‍’.. ബിരിയാണി തിന്നു തടിച്ചു വീര്‍ത്ത് കാമം മൂത്ത് നടക്കുന്നവള്‍ ‘പുല്ലുപോലെ ഞാനത് തള്ളിക്കളഞ്ഞത് ആരുടേയും ആശ്വാസ വചനങ്ങളില്‍ തരളിതയായിട്ടല്ല എടുത്ത രാഷ്ട്രീയ നിലപാടില്‍ ഉറപ്പുള്ളതുകൊണ്ടാണ്…
സ്വീകരിച്ച മറ്റൊരു രാഷ്ട്രീയ നിലപാടിന്റെ പേരില്‍ ഇന്ന് ഞാന്‍ വേട്ടയാടപ്പെടുമ്പോള്‍ ഒട്ടും രാഷ്ട്രീയ അസ്വസ്ഥത ഇല്ല കാരണം ചാരിറ്റി പ്രവര്‍ത്തകനായ ഒരുവന്‍ സ്ത്രീയെ വേശ്യയെന്ന് അഭിസംബോധന ചെയ്തപ്പോള്‍ അവനെതിരെ നിയമനടപടി സ്വീകരിക്കണം എന്ന് ജനാധിപത്യ രീതിയില്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ അവന്‍ പരോക്ഷമായി ആക്ഷേപിച്ച ജസ്ല എന്ന സ്ത്രീയുടെ പൊതുബോധത്തിനെതിരെയുള്ള പോരാട്ടത്തെ ആദരിക്കുന്നു, സ്‌നേഹിക്കുന്നു എന്ന് പറഞ്ഞതിന്റെ പേരില്‍ ഒക്കെയാണ് ഞാന്‍ വിചാരണ ചെയ്യപ്പെടുന്നത് എന്നോര്‍ക്കുമ്പോള്‍ അതിയായ സന്തോഷം മാത്രം ….
പറയാന്‍ ഒന്നേയുള്ളൂ ആരൊപ്പം നില്‍ക്കുന്നു എന്ന് നോക്കി ഈ നിമിഷം വരെ നീതിബോധത്തെ വഞ്ചിച്ചിട്ടില്ല… ഇനി അതുണ്ടാകുമെന്നാരും കരുതുകയും വേണ്ട…
നന്ദി..’