സംശയമുള്ള ആര്‍ക്കും സമീപിക്കാം; ദേവനന്ദയുടെ മരണത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു
കൊല്ലം: ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മരണത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു. മരണത്തില്‍ സംശമുള്ളവര്‍ക്ക് സെല്ലിനെ സമീപിക്കാം. ദേവനന്ദയുടെ മരണത്തില്‍ കുടുംബാംഗങ്ങളും നാട്ടുകാരും ഉള്‍പ്പെടെ സംശയം ഉന്നയിച്ച സാഹചര്യത്തിലാണ് പ്രത്യേക സെല്‍ രൂപീകരിച്ചത്.
അതേസമയം, ദേവനന്ദയുടെ മരണകാരണം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകള്‍ പോലീസ് വേഗത്തിലാക്കി. ശാസ്ത്രീയ പരിശോധനക്കുള്ള തെളിവെടുപ്പും തുടങ്ങി. നാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഫോറന്‍സിക് സംഘം ഇളവൂരിലെത്തും.
ദേവാനന്ദയെ കാണാതായ വീട് മുതല്‍ മൃതദേഹം കണ്ടെത്തിയ പുഴ വരെയുള്ള ദൂരം പോലീസ് അളന്ന് തിട്ടപ്പെടുത്തി. വീട്ടില്‍ നിന്ന് പുഴയിലേക്കുള്ള ദൂരം, മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ആഴം എന്നിവയും പോലീസ് പരിശോധിച്ചു. മണ്ണും വെള്ളവും പരിശോധനക്ക് എടുത്തിട്ടുണ്ട്. ദേവനന്ദയുടെ മൃതദേഹം ലഭിച്ച ദിവസം തന്നെ ഫോറന്‍സിക് വിദഗ്ധര്‍ പുഴയിലെ വെള്ളവും ചെളിയും ശേഖരിച്ചിരുന്നു.
പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളായ ദേവനന്ദയെ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കിക്കൊണ്ടിരിക്കുന്നതിനിടെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചില്ല. വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.