തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എസ്.പിയുടെ മെമ്മോ. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിക്കും റൂറലിലെ അഞ്ച് ഹൗസ് ഓഫീസര്‍മാര്‍ക്കുമാണ് മെമ്മോ ലഭിച്ചിരിക്കുന്നത്. ജോലിയില്‍ കൃത്യവിലോപമുണ്ടായെന്നും അലക്ഷ്യമായി ജോലി ചെയ്തതാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്നും കാണിച്ചാണ് ജില്ലാ പൊലീസ് മേധാവി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ അയച്ചത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു, ദിനംപ്രതി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കങ്ങളെ കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തി എന്നീ കുറ്റങ്ങളും മെമ്മോയില്‍ ആരോപിക്കുന്നുണ്ട്.
മൂന്ന് ദിവസത്തിനുള്ളില്‍ കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മെമ്മോയില്‍ പറയുന്നു. മെമ്മോ നല്‍കിയ സംഭവത്തില്‍ പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്.