ദില്ലി/ കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്കോ? താൻ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്നും ഒരുപാട് പേരെ സഹായിക്കാനാകുന്ന പുതിയ ദൗത്യത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്നും ഗാംഗുലി പുറത്തുവിട്ട ട്വീറ്റിൽ പറയുന്നു. ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും രാജിവാർത്തകളെല്ലാം ബിസിസിഐ നിഷേധിച്ചിട്ടുണ്ട്.
അമിത് ഷായുടെ മകൻ ജയ് ഷായുമായി നല്ല സൗഹൃദം പുലർത്തുന്ന സൗരവ് ഗാംഗുലി, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മമതയ്ക്കെതിരെ ബിജെപിയുടെ മുഖമാകുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. ആദ്യസ്ഥാനാർത്ഥിപ്പട്ടിക ഇറങ്ങുന്നതിന് മുമ്പ് തന്നെ ബംഗാളി മാധ്യമങ്ങളിൽ ദാദ പുതിയ കളത്തിലിറങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ബിജെപി പിന്നിലാണെന്ന തരത്തിൽത്തന്നെയാണ് സർവേകളും പുറത്ത് വന്നത്. നൂറു സീറ്റു വരെ കിട്ടാമെങ്കിലും മമതയെ പോലെ ഒരു പ്രാദേശിക നേതാവ് ഇല്ലാത്തത് ബിജെപിക്ക് പ്രതിസന്ധിയാകുന്നു എന്നാണ് സിവോട്ടർ സർവേ പറഞ്ഞത്. സൗരവ് ഗാംഗുലി വന്നാൽ അത് ബംഗാളിൽ ഉടനീളം തരംഗം സൃഷ്ടിക്കുമെന്ന് തന്നെയാണ് ബിജെപി കണക്ക് കൂട്ടിയത്.
പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഗാംഗുലി ഇക്കാര്യത്തിൽ അവസാനവാക്ക് പറഞ്ഞിരുന്നില്ല. ഒടുവിൽ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിനെ കളത്തിലിറക്കിയാണ് ബിജെപി മത്സരിച്ചത്. ‘മമതയ്ക്ക് എതിരെ മോദി’ എന്നതായിരുന്നു മുദ്രാവാക്യം. പക്ഷേ ബിജെപി മമതയ്ക്ക് മുന്നിൽ പരാജയപ്പെടുന്ന കാഴ്ചയാണ് ബംഗാളിൽ കണ്ടത്. നാല്പത് ശതമാനം വോട്ട് ലോക്സഭയിൽ നേടിയ ബിജെപിക്ക് അഞ്ചു ശതമാനം വിഹിതം കൂടുതൽ കിട്ടാൻ നല്ലൊരു മുഖം അനിവാര്യമാണ്. അതിനാൽത്തന്നെയാണ് സൗരവിനെ കളത്തിലിറക്കാൻ ബിജെപി ശ്രമിക്കുന്നതും.