News

പെണ്ണുങ്ങള്‍ക്കൊക്കെ എന്ത് സുഖാ അല്ലേ! എന്നു പറയുന്നവര്‍ അറിയാന്‍; വൈറലായി ഡോ. സൗമ്യ സരിന്റെ കുറിപ്പ്

ബാലികാദിനത്തില്‍ ഡോ. സൗമ്യ സരിന്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ചെറുപ്പം മുതല്‍ പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന യാതനകളും കഷ്ടപ്പാടുകളും തുറന്ന് പറയുകയാണ് കുറിപ്പില്‍.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

ഹോ! ഈ പെണ്ണുങ്ങളുടെ ഒക്കെ ഒരു സുഖം!
രണ്ട് ദിവസം മുമ്പേ ആശുപത്രിയില്‍ ഉച്ചഭക്ഷണനേരത് ക്യാന്റീനില്‍ ഇരുന്നു കഴിക്കുകയായിരുന്നു. കൂടെ രണ്ട് ആണ്‍ ഡോക്ടര്‍ സുഹൃത്തുക്കളുമുണ്ട്. ഒരാള്‍ മീന്‍ വറുത്തത് ഓര്‍ഡര്‍ ചെയ്തു. ആളൊരു മീന്‍ പ്രിയനാണ്. അപ്പോഴാണ് എന്നോടൊരു ചോദ്യം, ‘ ഡാ, നീ മീന്‍ വാങ്ങുന്നത് എവടെന്നാ? ഇപ്പോ മീന്‍ കിട്ടാന്‍ പാടാ. കോവിഡ് തുടങ്ങിയ മുതല്‍ കടയില്‍ തന്നെ പോണം.’

ഞാന്‍ പറഞ്ഞു , ‘ എനിക്ക് ഒരു കടയില്‍ നിന്ന് കൊണ്ടു വന്നു തരും. ‘ അപ്പോള്‍ അവന് അടുത്ത സംശയം. ‘ ആഹാ, കൊള്ളാല്ലോ. ഹോം ഡെലിവറി ഉള്ള കടയുള്ള കാര്യം അറിയില്ലാരുന്നു. നീ നമ്പര്‍ താ.’
സത്യത്തില്‍ അത് ഹോം ഡെലിവറി ഉള്ള കടയൊന്നുമല്ല. അവിടത്തെ ആള്‍ നമ്മുടെ പേജിന്റെ വലിയ ഫൊള്ളവര്‍ ആണ്. കൂടാതെ കുഞ്ഞിന്റെ കാര്യങ്ങളൊക്കെ കടയില്‍ ഞാന്‍ മീന്‍ വാങ്ങാന്‍ പോകുമ്പോ പറയാറുണ്ട്. അയാളുടെ വീട് ഞാന്‍ താമസിക്കുന്ന അതെ വഴിയിലാണ്. പലപ്പോഴും ഞാന്‍ ആശുപത്രി കഴിഞ്ഞു കട അടക്കുന്ന സമയത്താകും ഓടി പിടിച്ചു ചെല്ലുന്നത്. അപ്പോ ഒരു ദിവസം അയാള്‍ പറഞ്ഞു, ‘ മാഡം മീന്‍ വേണ്ട ദിവസം വിളിച്ചു പറഞ്ഞാല്‍ മതി. ഞാന്‍ വീട്ടില്‍ പോകുമ്പോ അവിടെ തന്നിട്ട് പോകാം. ഇങ്ങനെ ഓടേണ്ട. ‘ എനിക്കത് സത്യത്തില്‍ വലിയ ആശ്വാസമായിരുന്നു. അന്ന് മുതല്‍ ആ പാവം വേണ്ട മല്‍സ്യം കൃത്യമായി വീട്ടിലെത്തിച്ചു.
അതുകൊണ്ട് തന്നെ ഞാന്‍ സുഹൃത്തിനോട് പറഞ്ഞു, ‘ ഡാ, അത് ഹോം ഡെലിവറി ഒന്നും അല്ല. എനിക്ക് പരിചയം ഉള്ളതുകൊണ്ട് വീട്ടില്‍ എത്തിച്ചു തരുന്നു. അത്രേള്ളൂ. ‘
അപ്പോള്‍ അവടെ വലിയൊരു പൊട്ടിച്ചിരി പടര്‍ന്നു…’ അങ്ങിനെ വരട്ടെ…ഈ പെണ്ണുങ്ങള്‍ക്കൊക്കെ എന്ത് സുഖാ അല്ലേ! ഒന്ന് ചിരിച്ചാല്‍ മതി, സാധനം വീട്ടിലെത്തും. നമ്മള്‍ ആണുങ്ങളുടെ കാര്യാ കഷ്ടം!’
ഞാനൊന്നും മിണ്ടാതെ ചിരിച്ചു. അല്ല, കൂടുതല്‍ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഇപ്പറഞ്ഞത് തന്നെയാണ് അധികപേരുടെയും ചിന്ത!
പെണ്ണിനെന്ത് സുഖാ അല്ലേ!

ഇവര്‍ കണ്ടിട്ടില്ലല്ലോ പെണ്ണിന്റെ സുഖങ്ങള്‍…!
എന്റെ മനസ്സില്‍ നൂറു കാര്യങ്ങള്‍ ഒരു നിമിഷം ഓടി..
ചെറുപ്പം മുതല്‍ അനുഭവിച്ച സുഖങ്ങള്‍!

അച്ഛനുമമ്മക്കും ഒപ്പം സിനിമ കാണാന്‍ പോയപ്പോളൊക്കെ പിന്നില്‍ നിന്ന് പിടിക്കാന്‍ വന്നിരുന്ന കൈകളെ…സ്‌കൂളില്‍ പോകാന്‍ ബസില്‍ കയറുമ്പോള്‍ അനാവശ്യമായി സ്പര്‍ശിച്ചിരുന്ന കിളിയെ…വഷളന്‍ ചിരി ചിരിച്ചു വൃത്തികേട് പറഞ്ഞിരുന്ന കണ്ടക്ടറെ…സ്‌കൂളില്‍ പോലും അര്‍ഥം വെച്ച് സംസാരിച്ചിരുന്ന ചില അധ്യാപകരെ…തൊടുന്നതില്‍ എന്തോ അസ്‌ക്യത തോന്നിയത് കൊണ്ടു തന്നെ കാണുമ്പോള്‍ ഞാന്‍ പേടിച്ചു ഓടി ഒളിച്ചിരുന്ന, വീട്ടില്‍ മാങ്ങാ കച്ചോടത്തിനു വന്നിരുന്ന എഴുപത് കഴിഞ്ഞ ഒരു കിളവനെ…സന്ധ്യ ആയാല്‍ ഒരിടത്തേക്കും വിടാതിരുന്നിരുന്ന അച്ഛനെ…ഒരു കൂട്ടുകാരിയുടെ വീട്ടിലും ഒരു ദിവസം പോലും തങ്ങാന്‍ അനുവദിക്കാതിരുന്ന കര്‍ക്കശക്കാരിയായ അമ്മയെ…ട്യൂഷന്‍ കഴിഞ്ഞെത്താന്‍ ഒരു പത്തു മിനിറ്റെങ്ങാന്‍ വൈകിയാല്‍ ടെന്‍ഷനടിച്ചു നടന്നിരുന്ന മുത്തശ്ശനെ മുത്തശ്ശിയെ… ട്യൂഷന് പോകുന്ന ഇടവഴികളില്‍ എപ്പോഴും കാത്തു നിന്ന് പിന്നാലെ വന്നിരുന്ന കഴുകന്റെ മുഖമുള്ള ആ തടിയനെ…സ്‌കൂളില്‍ പോയി വരുന്ന വഴിക്ക് പല വഷളന്‍ കമ്മെന്റുകളടിച്ചു ഇളിച്ചിരുന്ന അറിയാത്ത എത്രയോ മുഖങ്ങളെ…എം. ബി. ബി. എസ്സിന് പഠിക്കുമ്പോള്‍ പോലും തനിക്ക് നേരെ നീളുന്ന കൈകള്‍ പേടിച്ചു ബസ്സിലോ ട്രെയിനിലോ പോലും ഒണ്ണ് മയങ്ങാന്‍ പേടിച്ചിരുന്ന എന്നെ… കെ. എസ്. ആര്‍. ടി. സ്റ്റാന്റുകളില്‍ സന്ധ്യക്ക് ഒറ്റക്ക് ബസ് കാത്തു നില്‍കുമ്പോള്‍ പതുക്കെ അടുത്ത് വന്നു ‘പോരുന്നോ?’ എന്ന് ചോദിക്കുന്ന ഒരായിരം മുഖങ്ങളെ… ആശുപത്രിയിലെ ജോലി കഴിഞ്ഞു രാത്രി സ്വയം കാറോടിച്ചു വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ ‘ ഇവള്‍ ആരെടാ..’ എന്ന ഭാവത്തോടെ നോക്കുന്ന കണ്ണുകളെ…അറിയാതെ വണ്ടി ട്രാഫിക്കില്‍ ഒന്ന് ഓഫ് ആയി പോയാല്‍ അതൊന്നു സ്റ്റാര്‍ട്ട് ചെയ്യാന്‍ പോലും സമയം തരാതെ ‘ ശെരിക്ക് പഠിച്ചിട്ടൊക്കെ ഇതെടുത്തു ഇറങ്ങിയാല്‍ പോരേ പെങ്ങളെ…?’ എന്ന് വിളിച്ചു പറയുന്ന ആങ്ങളമാരെ… പാര്‍ക്ക് ചെയ്തിടത് നിന്ന് കാര്‍ എടുക്കുമ്പോള്‍ പിന്നില്‍ ഇട്ടിരിക്കുന്ന ബൈക്ക് ഒന്ന് ശെരിയാക്കി വച്ച് സഹായിക്കാതെ ‘ ഇവള്‍ ഇതെങ്ങനെ എടുക്കും എന്നൊന്ന് കാണട്ടെ!’ എന്ന ഭാവത്തില്‍ ഇരിക്കുന്ന ചേട്ടന്മാരെ…..രാത്രി ജിമ്മില്‍ നിന്നിറങ്ങുമ്പോള്‍ ‘ ഇതൊക്കെ ശെരിയാണോ!? ‘ എന്ന ഭാവത്തില്‍ നോക്കുന്ന കാരണവണ്മാരെ… എനിക്കൊരു കുന്തോം അടുക്കളയില്‍ കേറി ഉണ്ടാക്കാന്‍ അറിയില്ല, ഇഷ്ടോല്ല..എന്ന് പറയുമ്പോ’ മോളേ, ആരായാലും പെണ്ണുങ്ങള്‍ക്ക് പാചകം അറിയില്ല എന്നത് ഒരു കൊറവ് തന്ന്യാ… പാവം സരിന്‍!’ എന്ന് സഹതപിക്കുന്ന അമ്മച്ചിമാരെ!
ശെരിയാണ്, പെണ്ണിന് ഭയങ്കര സുഖാണ്!

(ഇന്ന് പെണ്‍കുട്ടികളുടെ ദിനമല്ലേ! ഇങ്ങനെ ഉള്ള ‘സുഖങ്ങള്‍’ ഇനിയുള്ള തലമുറക്കെങ്കിലും ഉണ്ടാവാതിരിക്കാന്‍ നമുക്ക് നമ്മളാല്‍ കഴിയുന്നത് ചെയ്യാം!)
ഡോ. സൗമ്യ സരിന്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker