26.6 C
Kottayam
Saturday, May 18, 2024

ഉത്ര വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്; സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍

Must read

കൊല്ലം: ഉത്ര കൊലപാതക കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയേയും സഹോദരിയേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവരോട് ഇന്നു രാവിലെ 10ന് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഇതോടെ ക്രൈംബ്രാഞ്ച് സംഘം അഞ്ചലിലെ വീട്ടിലെത്തി കസ്റ്റിയിലെടുക്കുകയായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനു ശേഷം വീട്ടില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വനിതാ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു അമ്മയും സഹോദരിയും.

അതിനിടെ, കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്റെ അറസ്റ്റു രേഖപ്പെടുത്തി. തെളിവ് നശിപ്പിച്ചു, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ലോക്കറില്‍ നിന്നെടുത്ത ഉത്രയുടെ സ്വര്‍ണം പിതാവിനെ ഏല്പിച്ചുവെന്ന് സൂരജ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. സ്വര്‍ണത്തെ കുറിച്ച് ആദ്യം വിട്ടുപറയാന്‍ തയ്യാറാകാതിരുന്ന സൂരജ് പിന്നീട് പിതാവിനെയും ഇരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

സൂരേന്ദ്രനേയും കൂട്ടി നടത്തിയ തെളിവെടുപ്പില്‍ വീട്ടിലെ മീന്‍കുളത്തിനു സമീപത്തുനിന്നും മുപ്പത്തിയാറര പവന്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. ഉത്രയ്ക്ക് 110 പവനോളം സ്വര്‍ണമുണ്ടായിരുന്നുവെന്നാണ് വീട്ടുകാര്‍ നല്‍കുന്ന മൊഴി. ബാക്കി സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കുറച്ചു സ്വര്‍ണം നല്‍കി സുരേന്ദ്രന് വാഹനം വാങ്ങിയെന്നും ഇവര്‍ പറയുന്നുണ്ട്.

അതേസമയം, ഉത്രയുടെ അമ്മ മണിമേഖലയും സഹോദരനും ഉത്രയുടെ ആഭരണങ്ങള്‍ തിരിച്ചറിഞ്ഞു. വിവാഹ ആല്‍വുമായാണ് ഇവര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. ഉത്രയുടെ താലിമാലയും കുഞ്ഞിന്റെ ആഭരണങ്ങളും തിരിച്ചറിഞ്ഞു. ഉത്രയ്ക്ക് വിവാഹ സമയത്ത് നല്‍കിയ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തിയിട്ടില്ലെന്ന് അമ്മ പറഞ്ഞു.

സൂരജിന്റെ കുടുംബത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഉത്രയുടെ അച്ഛന്‍ വിജയസേനന്‍ വീണ്ടും രംഗത്തെത്തി. കസ്റ്റഡിയിലായ സുരേന്ദ്രനേക്കാള്‍ വലിയ പ്രതികള്‍ വീട്ടില്‍തന്നെയുണ്ട്. സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും പങ്ക് നിസാരമല്ല. കേസിനു വേണ്ടി ഏതറ്റംവരെ പോകുമെന്നും വിജയസേനന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week