ബൈക്ക് ഓടിക്കുന്നതിനിടെ വീഡിയോ കോള്‍; പിന്‍സീറ്റില്‍ നിന്ന് തെറിച്ച് വീണ് സൈനികന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം
ബാഗല്‍കോട്ട്: ബൈക്ക് ഓടിക്കുന്നതിനിടെ പട്ടാളക്കാരന് വന്ന വീഡിയോ കോള്‍ കലാശിച്ചത് ഭാര്യയുടെ മരണത്തില്‍. വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബൈക്ക് ഹംപില്‍ തട്ടി ഭാര്യ തെറിച്ച് വീഴുകയായിരുന്നു. 35 കാരിയായ പുഷ്പവതിയാണ് മരിച്ചത്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം.
ശേഖരയ്യ ലക്ഷ്മയ വിഭൂതിയാണ് വാഹനം ഓടിച്ചത്. ഭാര്യയെ അമ്മ വീട്ടില്‍ കൊണ്ടുവിടുന്നതിനിടെയായിരുന്നു അപകടം. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇയാള്‍ കശ്മീരിലാണ് സൈനിക ജോലി ചെയ്യുന്നത്. ലീവ് കഴിഞ്ഞ് തിങ്കളാഴ്ച മടങ്ങാനിരിക്കെയാണ് അപകടം.
എന്നാല്‍ അച്ഛനും അമ്മയും വീട്ടിലെത്തുന്നത് എപ്പോഴാണെന്ന് അറിയുന്നതിനായി മക്കള്‍ ഫോണ്‍ വിളിച്ചിരിക്കാനാണ് സാധ്യതെയെന്ന് പുഷ്പവതിയുടെ പിതാവ് പറഞ്ഞു. തിമ്മസാഗര്‍ എന്ന സ്ഥലത്തുനിന്നാണ് ഇരുവരും ബൈക്കില്‍ പുറപ്പെട്ടത്. തുടര്‍ന്ന് വഴിയില്‍ വച്ച് ഇയാള്‍ക്ക് വീഡിയോ കോള്‍ വരികയായിരുന്നു. അശ്രദ്ധമായി വാഹനം ഓടിക്കുന്നയാളല്ല ശേഖരയ്യയെന്നും പിതാവ് പറയുന്നു. എങ്ങനെയാണ് അപകടം ഉണ്ടായതെന്നറിയില്ല. റോഡിനു കുറുകെ സ്ഥാപിച്ച പൈപ്പ് മൂലം റോഡില്‍ രൂപപ്പെട്ട ഹംപാണ് അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പത്ത് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. സൈനികനായ ശേഖരയ്യ ജോലിസ്ഥലത്തേയ്ക്ക് പോകുമ്പോള്‍ പുഷ്പവല്ലി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ദമ്പതികള്‍ക്ക് അഞ്ചാംക്ലാസില്‍ പഠിക്കുന്ന ഒരു മകനും മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകളുമുണ്ട്. റോഡില്‍ ഭാര്യയുടെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചു കരയുന്ന ശേഖരയ്യയുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.