റായ്പുര്‍: ഐ.ടി.ബി.പി സൈനികന്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ വെടിവയ്പില്‍ മലയാളി സൈനികനുള്‍പ്പെടെ ആറു പേര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശി ബിജീഷാണ് മരിച്ച മലയാളി. വെടിവയ്പില്‍ തിരുവനന്തപുരം സ്വദേശി കോണ്‍സ്റ്റബിള്‍ എസ്.ബി ഉല്ലാസ് ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ചികിത്സയ്ക്കായി വ്യോമമാര്‍ഗം റായ്പുരില്‍ എത്തിച്ചു. പശ്ചിമ ബംഗാളിലെ നാദിയ സ്വദേശി മസുദുള്‍ റഹ്മാന്‍ ആണ് തന്റെ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തത്.
സംഭവത്തിനു ശേഷം ഇയാള്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പുര്‍ സ്വദേശി കോണ്‍സ്റ്റബിള്‍ മഹേന്ദ്ര സിംഗ്, പഞ്ചാബ് ലുധിയാന സ്വദേശി ഹെഡ് കോണ്‍സ്റ്റബിള്‍ ദല്‍ജിത് സിംഗ്, പശ്ചിമ ബംഗാളിലെ ബര്‍ദ്വുവാന്‍ സ്വദേശി കോണ്‍സ്റ്റബിള്‍ സുര്‍ജിത് സര്‍ക്കാര്‍, പുരുലിയ സ്വദേശി ബിശ്വരൂപ് മഹതു എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
ബുധനാഴ്ച രാവിലെ ഒമ്പതിന് ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ നാരായണ്‍പൂരിലായിരുന്നു സംഭവം. മസുദുള്‍ റഹ്മാന്‍ സര്‍വീസ് റിവോള്‍വറില്‍നിന്ന് സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആറു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. അവധി അപേക്ഷ പരിഗണിക്കാത്തതില്‍ മസുദുള്‍ അസ്വസ്ഥനായിരുന്നെന്നു പറയുന്നു.