കണ്ണൂര്‍: കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സൈനികന്‍ വാഹനാപകടത്തില്‍ മരിച്ചു. മാവിലായി സ്വദേശി വൈശാഖ് ആണ് മരിച്ചത്. 25 വയസായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അഭിഷേക് ബാബുവും മരിച്ചു. ഇന്നലെ രാത്രിയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. താഴെ കായലോട് വെച്ചാണ് അപകടം ഉണ്ടായത്.
അതേസമയം, കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ 51,52,53 ഡിവിഷനുകളായ കാനത്തൂര്‍, പയ്യാമ്പലം, താളിക്കാവ് എന്നിവിടങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും.ഗതാഗത നിയന്ത്രണവും ഉണ്ടാകും.
പതിനാലുകാരനടക്കം നാല് പേര്‍ക്കാണ് ജില്ലയില്‍ ഇന്നലെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.വിദേശത്ത് നിന്നെത്തിയവരാണ് രണ്ട് പേര്‍. മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 11ന് സൗദിയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശി, ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി, ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്നെത്തിയ വാരം സ്വദേശി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 320 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. മയ്യില്‍ സ്വദേശി കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തരായവരുടെ എണ്ണം 200 ആയി.