അവിഹിതം തെറ്റെന്ന് പഠിപ്പിച്ചത് സമൂഹം! പങ്കാളി വഞ്ചിച്ചാല്‍ തന്റെ പ്രതികരണം ഇതാകുമെന്ന് ദീപിക
മുംബൈ:ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. സിനിമ പോലെ തന്നെ ദീപികയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ഇപ്പോഴിതാ ദീപികയുടെ പുതിയ സിനിമയുടെ റിലീസിനായി കാത്തു നില്‍ക്കുകയാണ് ആരാധകര്‍. ശകുന്‍ ബത്രം സംവിധാനം ചെയ്യുന്ന ഗെഹരായിയാന്‍ ആണ് ദീപികയുടെ പുതിയ സിനിമ. അനന്യ പാണ്ഡെയും സിദ്ധാന്ത് ചതുര്‍വേദിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമെല്ലാം ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്. വിവാഹേതര ബന്ധത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.
ചിത്രത്തിലേത് പോലൊരു സാഹചര്യമുണ്ടായാല്‍ എന്തായിരിക്കും തന്റെ പ്രതികരണം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദീപിക. സിനിമയുടെ റിലീസിന്് മുന്നോടിയായുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് ദീപിക. ഇതിന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തിലാണ് ദീപിക മനസ് തുറന്നത്. കാമുകന്‍ തന്നെ വഞ്ചിക്കുകയാണെന്നും മറ്റൊരാളുമായി ബന്ധമുണ്ടെന്നും തിരിച്ചറിഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്നായിരുന്നു ദീപികയോട് ചോദിച്ചത്. ഇതിന് ദീപിക നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.
”എന്നെ സംബന്ധിച്ച് അത് ഡീല്‍ ബ്രേക്കര്‍ ആണ്. ഡേല്‍ ബ്രേക്കര്‍ ആണെന്ന് പറയുന്നത് പോലെ അത്ര എളുപ്പമായിരിക്കില്ല ജീവിതത്തില്‍ സംഭവിക്കുകയാണെങ്കില്‍. ഒരുപാട് ഘടകങ്ങളുണ്ടെന്നാണ് തോന്നുന്നത്. ആ ബന്ധം എത്രമാത്രം പ്രധാനപ്പെട്ടതാണ് നിങ്ങള്‍ക്ക് എന്നതും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുവരും എത്രത്തോളം പരിശ്രമിക്കാന്‍ തയ്യാറാണ്, അതൊരു തെറ്റായിരുന്നുവോ അതോ ശീലമാണോ എന്നൊക്കെയുളള കാര്യങ്ങളുണ്ട്. ആളുകള്‍ക്ക് തെറ്റ് പറ്റാം. പല കാരണങ്ങള്‍ കൊണ്ടുമാകാം ആളുകള്‍ ഓരോ തീരുമാനങ്ങള്‍ എടുക്കുന്നത്” എന്നായിരുന്നു ദീപിക പറഞ്ഞത്.
”ഒരു സമൂഹം എന്ന നിലയില്‍ നമ്മളുടെ സമൂഹം വിവാഹേതര ബന്ധത്തെ തെറ്റായി കാണാനാണ് ശീലിച്ചിട്ടുള്ളത്. പക്ഷെ നമ്മളൊരു കൗണ്‍സിലറുടേയോ തെറാപ്പിസ്റ്റിന്റേയോ സ്ഥാനത്തു നിന്നു കൊണ്ട് ചിന്തിച്ചാല്‍ എന്തുകൊണ്ടാണ് ആളുകള്‍ അവരുടെ തീരുമാനങ്ങളെടുത്തതെന്ന് മനസിലാക്കാന്‍ സാധിക്കും. കാര്യങ്ങളെ വേറൊരു കണ്ണിലൂടെ കാണാന്‍ സാധിക്കും. ഇതിനര്‍ത്ഥം അത് ശരിയാണെന്നോ തെറ്റാണെന്നോ ഞാന്‍ പറയുന്നതല്ല” എന്നും ദീപിക കൂട്ടിച്ചേര്‍ത്തു. നേരത്തെ ദീപിക രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം തകരുകയായിരുന്നു. രണ്‍ബീറിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതാണ് ഇരുവരും പിരിയാന്‍ കാരണമെന്ന് ദീപിക തന്നെ വ്യക്തമാക്കിയിരുന്നു. ദീപിക പിന്നീട് രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.
ഗെഹരായിയാന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. ദീപികയ്ക്കും സിദ്ധാന്തിനും അനന്യയ്ക്കും പുറമെ ദൈര്യ കര്‍വ, നസറുദ്ദീന്‍ ഷാ, രജത് കപൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഗെഹരായിയാന്‍. ഫെബ്രുവരി 11 നാണ് സിനിമയുടെ റിലീസ്. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമയുടെ റിലീസ്. 83യായിരുന്നു ദീപികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ കപില്‍ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷമായിരുന്നു ദീപിക അവതരിപ്പിച്ചത്. കപില്‍ ദേവായി എത്തിയത് രണ്‍വീര്‍ ആയിരുന്നു
നിരവധി സിനിമകളാണ് ദീപികയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ആണ് ചിത്രീകരണം നടക്കുന്ന സിനിമ. ജോണ്‍ എബ്രഹാമും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് സിനിമയുടെ സംവിധായകന്‍. പിന്നാലെ ഹൃത്വിക് റോഷനൊപ്പം ആദ്യമായി ഒരുമിക്കുന്ന ഫൈറ്റര്‍, പ്രഭാസിനൊപ്പം അഭിനയിക്കുന്ന തെലുങ്ക് അരങ്ങേറ്റ സിനിമ, തുടങ്ങിയ ചിത്രങ്ങളാണ് ദീപികയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. ഇതിനിടെ ദീപികയുടെ ഹോളിവുഡിലേക്കുള്ള തിരിച്ചുപോക്കും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹോളിവുഡ് ചിത്രമായ ദ ഇന്റേണിന്റെ റീമേക്കിലൂടെ ദീപികയും അമിതാഭ് ബച്ചനും വീണ്ടും ഒരുമിക്കുകയും ചെയ്യുന്നുണ്ട്.