നിങ്ങള്‍ ഇത്രയും തരം താഴുമെന്ന് കരുതിയില്ല, ചിത്രചേച്ചിയെ കണ്ടു പഠിക്ക്; സയനോരയ്ക്ക് പിന്തുണയുമായി എത്തിയ സിത്താര കൃഷ്ണകുമാറിനെതിരെ അധിക്ഷേപ വര്‍ഷവുമായി ഒരുകൂട്ടര്‍
കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന സയനോരയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിന്നാലെ ഗായികയുടെ വസ്ത്രത്തിന്റെയും നിറത്തിന്റെയും എല്ലാം പേരില്‍ ബോഡി ഷെയിമിംഗും സൈബര്‍ ആക്രമണങ്ങളും നടന്നത്. എന്നാല്‍ ഇതിന് പിന്നാലെ സയനോരക്ക് പിന്തുണയുമായി ഗായിക സിത്താര കൃഷ്ണകുമാറും രംഗത്തെത്തിയിരുന്നു..
സയനോരക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിത്താര കൂട്ടുകാരികള്‍ക്കൊപ്പം ചുവടുവക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിത്താരയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഗായികയ്‌ക്കെതിരെ അധിക്ഷേപങ്ങള്‍ ഉയരുകയാണ്..
നിങ്ങള്‍ ഇത്രയും തരം താഴുമെന്ന് കരുതിയില്ലെന്നും ഗായിക എന്ന നിലയിലുള്ള ബഹുമാനം നഷ്ടപ്പെട്ടെന്നും, എല്ലാവരും ചിത്രചേച്ചിയെ കണ്ടുപഠിക്കണം എന്നുമാണ് ഒരു കമന്റ്. ആരും ശ്രദ്ധിക്കാത്തതുകൊണ്ട് വിവാദങ്ങള്‍ ഉണ്ടാക്കി ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള വഴികള്‍ ആണെന്നാണ് ഒരു വിഭാഗം പറയുന്നത്. ഈ വീഡിയോ കണ്ടിട്ട് സയനോരയെ വീണ്ടും ട്രോളിയതാണെന്നാ തോന്നുന്നത് എന്ന തരത്തിലുള്ള കമന്റുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്..
സയനോര വീഡിയോയില്‍ ഷോട്ട്സ് ധരിച്ചിരിക്കുന്നതാണ് ഒരു വിഭാഗം ആളുകളുടെ പ്രശ്നം. ഷോട്ട്സ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന രീതിയിലുള്ള കമന്റുകളാണ് വന്നത്. ഇതിന് മുമ്പും സയനോരക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. സയനോരയ്ക്ക് ഒപ്പം ഡാന്‍സ് കളിക്കുന്ന ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല എന്നിവരെ കുറിച്ചും ഇത്തരം പാരാമശങ്ങള്‍ വന്നിരുന്നു.