ക്ലാസ് നടക്കുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്ന് വിദ്യാര്‍ത്ഥിയുടെ തലയില്‍ വിഷപ്പാമ്പ് വീണുവെന്ന പഴയ പരാതി വീണ്ടും ചര്‍ച്ചയാകുന്നു
പാലക്കാട്: ക്ലാസ് നടക്കുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്നു വിദ്യാര്‍ത്ഥിയുടെ തലയില്‍ വിഷപ്പാമ്പ് വീണുവെന്ന പഴയ പരാതി വീണ്ടും ചര്‍ച്ചയാകുന്നു. പാലക്കാട് സ്‌കൂളിലായിരുന്നു സംഭവം. ക്ലാസ് നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ തലയില്‍ വിഷപ്പാമ്പ് വീണെന്നും ഇതിനെതിരെ നടപടി വേണമെന്നും കാട്ടി രക്ഷിതാവ് രംഗത്ത് വന്നിരിന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്‌കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്താനായി ബാലാവകാശ കമ്മീഷന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഷെഹ്‌ല എന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ചത്.
പാലക്കാട് സ്വദേശിയായ രക്ഷിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചിനാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിറക്കിയത്. ഇതേത്തുടര്‍ന്നു സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും ക്ലാസ്മുറികളും മറ്റും പ്ലാസ്റ്ററിങ് നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിന്നു. അല്ലാത്ത സ്‌കൂളുകള്‍ക്കു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.