വൈക്കം താലൂക്ക് ആശുപത്രിയില്‍ നഴ്‌സിന്റെ തലയില്‍ പാമ്പ് വീണു! വനിതാ വാര്‍ഡ് അടച്ചുപൂട്ടി
കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ നഴ്‌സിന്റെ തലയില്‍ മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. വനിതാ വാര്‍ഡിനോട് ചേര്‍ന്നുള്ള നഴ്‌സ് റൂമിന്റെ ജീര്‍ണിച്ച മേല്‍ക്കൂരയില്‍ നിന്നാണ് നഴ്‌സിന്റെ തലയിലേക്ക് വിഷപ്പാമ്പ് വീണത്. സംഭവത്തെ തുടര്‍ന്ന് വാര്‍ഡ് അടച്ചുപൂട്ടിയ ആശുപത്രി അധികൃതര്‍ പാമ്പിനെ പിടികൂടാന്‍ വാവാ സുരേഷിന്റെ സഹായം തേടി.
തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. തകര്‍ന്ന് ചിതല്‍ കയറിയ നഴ്‌സ് റൂമിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് കരിപ്പാടം സ്വദേശിയായ നഴ്‌സിന്റെ തലയില്‍ അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പ് വീണത്. തൊട്ടുപിന്നാലെ അലറിവിളിച്ച് നഴ്‌സ് പുറത്തേക്കോടി. നഴ്‌സിന്റെ കരച്ചില്‍ക്കേട്ട് സമീപത്തെ വാര്‍ഡില്‍ നിന്ന് രോഗികളും കൂട്ടിരിപ്പുകാരും ഓടിയെത്തി. പിന്നീട് പാമ്പിനായുള്ള തിരച്ചില്‍ നടത്തിയെങ്കിലും ഭിത്തിയിലെ വിടവുകളിലൊന്നില്‍ പാമ്പ് കയറി. പാമ്പിനെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വനിതാ വാര്‍ഡ് അടച്ചുപൂട്ടി രോഗികളെ നാലാം വാര്‍ഡിലേക്ക് മാറ്റി.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ വാര്‍ഡടക്കമുള്ള വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തറകള്‍ ടൈല്‍സ് പാകിയിട്ടുണ്ടെങ്കിലും പൊട്ടിപൊളിഞ്ഞ ചുമരുകളും ഓടിട്ട മേല്‍ക്കൂരയുമാണ് കെട്ടിടത്തിനുള്ളത്. വനിതാ വാര്‍ഡുള്‍പ്പെടെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി.