കൊല്ലം: ഉത്ര വധക്കേസില്‍ മുഖ്യപ്രതി സൂരജിനെതിരെ ഗുരുതര ആരോപണവുമായി പാമ്പുപിടുത്തക്കാരനും രണ്ടാം പ്രതിയുമായ സുരേഷിന്റെ മകന്റെ വെളിപ്പെടുത്തല്‍. സൂരജ് പാമ്പിനെ ആവശ്യപ്പെട്ട് വീട്ടില്‍ വന്നിരുന്നു. ഒരു ദിവസത്തേക്ക് വീട്ടില്‍ കൊണ്ടുപോകാന്‍ പാമ്പിനെ വേണമെന്നായിരുന്നു ആവശ്യം. പാമ്പിനെ വാങ്ങി 10,000 രൂപയും നല്‍കി. പിറ്റേന്ന് തിരിച്ചെത്തിക്കാമെന്നും പറഞ്ഞാണ് പാമ്പിനെ കൊണ്ടുപോയത്. ആദ്യം അണലിയേയും പിന്നീട് മൂര്‍ഖനേയും കൊണ്ടുപോയി.
എന്നാല്‍ പറഞ്ഞപോലെ സൂരജ് പാമ്പിനെ തിരിച്ചേല്‍പ്പിച്ചില്ല. കൊലപാതകത്തിന്റെ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നു. ഇക്കാര്യം പോലീസിനെ അറിയിക്കണമെന്ന് അച്ഛനോട് പറഞ്ഞതാണെന്നും സുരേഷിന്റെ മകന്‍ പറഞ്ഞു. ഒരു വാര്‍ത്താചാനലിനോടാണ് ഇയാളുടെ വെളിപ്പെടുത്തല്‍.
കരിമൂര്‍ഖനേക്കൊണ്ട് കടിപ്പിച്ചാണ് ഭാര്യ ഉത്രയെ കൊന്നതെന്ന് ഭര്‍ത്താവ് സൂരജ് പോലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞു. ഉത്രയെ പാമ്പ് കടിക്കുന്നത് നോക്കി നിന്നുവെന്നും മരണവെപ്രളത്തോടെ പിടഞ്ഞ ഉത്രയുടെ മരണം ഉറപ്പാക്കിയശേഷം കട്ടിലില്‍ ഉറങ്ങാതെ ഇരുന്നുവെന്നും സൂരജ് പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ സൂരജും പാമ്പ് പിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷുമടക്കം നാല് പേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.
വലിയ ബാഗിലാക്കിയാണ് സൂരജ് കരിമൂര്‍ഖനെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഉറങ്ങി കിടന്ന രാത്രി ഉത്രയുടെ മുകളില്‍ പാമ്പിനെ കുടഞ്ഞിട്ടുവെന്നും രണ്ട് പ്രാവശ്യം പാമ്പ് ഉത്രയെ കൊത്തിയെന്നും സൂരജ് മൊഴി നല്‍കി. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. തുടര്‍ന്ന്, രാവിലെ സൂരജ് തന്നെ പാമ്പിനെ കണ്ടെത്തി തല്ലി കൊല്ലുകയായിരുന്നു. ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹമായിരുന്നു സൂരജിന്റെ ലക്ഷ്യം.