ബംഗളൂരു: ജനപ്രിയ മ്യൂസിക്കല്‍ ആപ്ലിക്കേഷനായ സ്മ്യൂളിലൂടെ പരിചയപ്പെട്ട സുഹൃത്ത് ഒഴിവാക്കിയതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. ബംഗളൂരുവില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ചിക്കബല്ലപുരിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 35കാരി ആത്മഹത്യ ചെയ്തത്. സ്മ്യൂളില്‍ നിരവധി ആരാധകരുള്ള പാട്ടുകാരിയായിരുന്നു രണ്ട് ആണ്‍കുട്ടികളുടെ അമ്മകൂടിയായ സ്ത്രീ. 18,000ല്‍ അധികം പേര്‍ ഇവര്‍ക്ക് ഫോളോവേഴ്സ് ഉണ്ടായിരുന്നു. സ്മ്യൂളിലൂടെയാണ് സ്ത്രീ പുരുഷ സുഹൃത്തുമായി അടുക്കുന്നത്. ഇരുവരും ചേര്‍ന്ന് പല ഗാനങ്ങളും ആലപിച്ചു. ഇവയെല്ലാം വലിയ ഹിറ്റായിരുന്നു.
ഇരുവരും ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറുകയും ഫേസ്ബുക്കില്‍ സുഹൃത്തുക്കളാവുകയും ചെയ്തു. എന്നാല്‍ ഇരുവരെയും ചേര്‍ത്ത് ചിലര്‍ മോശം കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയതോടെ സുഹൃത്ത് വീട്ടമ്മയില്‍ നിന്നും പതുക്കെ അകലുകയായിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ഇക്കാര്യം പറഞ്ഞ് സ്ത്രീ സുഹൃത്തുമായി ഒരിക്കല്‍ വഴക്കിടുകയും ചെയ്തിരുന്നെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രിയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം.
പ്ലമ്പര്‍ ജോലിക്കാരനായ ഭര്‍ത്താവ് ഭാര്യയെ ഫോണ്‍ ചെയ്തിട്ട് മറുപടിയില്ലാതെ വന്നപ്പോള്‍ തിരികെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തി. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെനന്നും രണ്ട് മക്കളെയും നന്നായി നോക്കണമെന്നും ഇവര്‍ കുറിച്ചു. സ്മ്യൂള്‍ സുഹൃത്ത് ഒവിവാക്കിയതാണ് വീട്ടമ്മ ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം.