വാഹനങ്ങള്‍ സ്വന്തമായി വാങ്ങാതെ തന്നെ ദീര്‍ഘകാലമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ലീസിങ്ങ് പദ്ധതികള്‍ ഇപ്പോള്‍ ഇന്ത്യയില്‍ പതിവാണ്. ഇത്തരത്തില്‍, പ്രീമിയം വാഹനങ്ങള്‍ കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് സ്‌കോഡ ഇന്ത്യ.കുറഞ്ഞത് 24 മാസത്തേക്കാണ് സ്‌കോഡ കാറുകള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നത്.
36 മാസം, 48 മാസം, 60 മാസം എന്നിങ്ങനെ ദീര്‍ഘകാലത്തേക്കും വാഹനം നല്‍കുമെന്നും കമ്പനി അറിയിച്ചു.ലോകമെമ്പാടുമുള്ള വാഹന മേഖലയിലെ മാറ്റം സ്‌കോഡയും ഉള്‍ക്കൊള്ളുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഉപയോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായാണ് വാഹനം വാടകയ്ക്ക് നല്‍കുന്ന പദ്ധതി ഒരുക്കുന്നതെന്നും സ്‌കോഡ ഇന്ത്യ ബ്രാന്റ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു.
പ്രതിമാസ വാടകയായി ഏറ്റവും കുറഞ്ഞത് 22,580 രൂപയാണ് ഈടാക്കുന്നത്. ഒറിക്സ് ഓട്ടോ ഇന്‍ഫ്രാസ്ടെക്ചറുമായി സഹകരിച്ചാണ് സ്‌കോഡ ഇന്ത്യ ക്ലെവര്‍ ലീസിങ്ങ് പദ്ധതി ഒരുക്കുന്നത്.
ക്ലെവര് ലീസിങ്ങിന്റെ ആദ്യഘട്ടമായി മുംബൈ,ഡല്‍ഹി പുനെ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നത്. എന്നാല്‍് സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി കാര്‍ ലീസിങ്ങ് പദ്ധതി കൂടുതല്‍് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് സ്‌കോഡ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയാണ് സ്‌കോഡയുടെ ഈ കാര്‍ ലീസിങ്ങ് പദ്ധതി ഒരുങ്ങുന്നത്. ഈ സംവിധാനത്തിലൂടെ റോഡ് ടാക്‌സ്, ഇന്‍ഷുറന്‌സ്, മെയിന്റനന്‍സ് തുടങ്ങിയ ചെലവുകള്‍ ഉപയോക്താക്കള്‍ വഹിക്കേണ്ടതില്ല. വാഹനം ലഭിക്കുന്നതിന് ആദ്യം പണം നല്‍കേണ്ടതില്ലെന്നതും ഈ പദ്ധതിയുടെ മേന്മയാണ്.