അബുദാബി: താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് ഡല്‍ഹിയില്‍ നിന്നു കാണാതായതിനെ തുടര്‍ന്ന് ലൗജിഹാദ് ആരോപണം നേരിട്ട മലയാളി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. അബുദാബിയില്‍ ജോലി ചെയ്യുന്ന മുസ്ലീം യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു തന്റെ മതംമാറ്റ ലക്ഷ്യമെന്നും സിയാനി ബെന്നി എന്നുപേരുള്ള പെണ്‍കുട്ടി പറഞ്ഞു. ഖലീജ് ടൈംസിനോടാണ് പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയത്.
തന്റെ ലക്ഷ്യം നിറവേറ്റാനായി രാജ്യം വിട്ട് യുഎഇയിലേയ്ക്ക് എത്തിച്ചേരുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ന്യൂനപക്ഷ കമ്മിഷന്‍, കേരളാ മുഖ്യമന്ത്രി, കേരളാ ഡിജിപി എന്നിവര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും പെണ്‍കുട്ടി പറയുന്നു. ക്രിസ്ത്യന്‍ മതവിശ്വാസിയായ പെണ്‍കുട്ടി ലൗ ജിഹാദിന്റെ ഇരയാണെന്നും പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിദേശത്തേക്ക് കടത്തിയെന്നുമുള്ള മട്ടില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
എന്നാല്‍ ഇത് സത്യവിരുദ്ധമാണെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. രണ്ടാഴ്ച മുന്‍പ് അബുദാബിയിലേക്ക് പുറപ്പെട്ട പെണ്‍കുട്ടി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയായി എന്നാണ് സിയാനിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ ജീസസ് ആന്‍ഡ് മേരി കോളേജിലെ വിദ്യാര്‍ത്ഥിയാണ് സിയാനി ബെന്നി. യു.എയില്‍ വച്ചായിരുന്നു മതം മാറ്റം. മതം മാറിയ ശേഷം താന്‍ ഐഷ എന്ന് പേര് സ്വീകരിച്ചതായും സിയാനി പറഞ്ഞു.