KeralaNews

ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍; ചോദ്യം ചെയ്യല്‍ ഉടന്‍

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസില്‍ എന്‍.ഐ.എ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മൂന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എയുടെ ആസ്ഥാനത്തെത്തി. പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ശിവശങ്കര്‍ ഇന്ന് രാവിലെ 9.20 ഓടെയാണ് കൊച്ചിയിലെ ഓഫീസില്‍ എത്തിയത്.

ഏതാനും ദിവസം മുമ്പ് ശിവശങ്കറിനെ എന്‍ ഐ എ തിരുവനന്തപുരത്ത് വെച്ച് അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നു ലഭിച്ച മൊഴികളും പിന്നീട് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത്ത് എന്നിവരെ എന്‍ ഐ എ വീണ്ടും ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച മൊഴികളിലും വൈരുധ്യം ഉണ്ടായതോടെയാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയതെന്നമാണ് വിവരം. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരെക്കൂടാതെ ഹൈദരാബാദ് യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥരും കൊച്ചിയില്‍ നടക്കുന്ന ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യലില്‍ പങ്കെടുക്കും. എന്‍ ഐ എ പ്രോസിക്യൂട്ടറും കൊച്ചിയിലെ ഓഫീസില്‍ എത്തിയിട്ടുണ്ട്.

കേസിലെ പ്രതികളായ സ്വപ്ന സുരേഷ്,സന്ദീപ് നായര്‍, സരിത്ത് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച കൂടുതല്‍ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി തയാറാക്കിയ പുതിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ന് ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ മുഴുവനായും കാമറയില്‍ പകര്‍ത്തുന്നുണ്ടെന്നും വിവരമുണ്ട്.

എന്‍ ഐ എ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ ശിവശങ്കര്‍ മൂന്‍കൂര്‍ ജാമ്യത്തിനായി നീക്കം നടത്തിയതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതില്‍ നിന്നും പിന്‍വാങ്ങിയതായാണ് അറിയുന്നത്.ഇന്ന് രാവിലെ ചോദ്യം ചെയ്യാന്‍ കൊച്ചിയിലെത്തിയ ശിവശങ്കര്‍ നേരെ എന്‍ ഐ എ ഓഫീസിലേക്ക് എത്തുകയായിരുന്നു.ഇന്നത്തെ ചോദ്യം ചെയ്യലോടെ കേസില്‍ ശിവശങ്കറിന് പങ്കുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് വ്യക്തത വരുമെന്നാണ് അറിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker