KeralaNews

ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു

തിരുവനന്തപുരം:കേരളത്തില്‍ നടപ്പാക്കാനിരുന്ന 154 കോടിയുടെ രണ്ട് ടൂറിസം പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.ഇതില്‍ ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ടും ഉള്‍പ്പെടും. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും പ്രധാന ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം ദേവാലയങ്ങളെ ഉള്‍പ്പെടുത്തിയുള്ള തീര്‍ഥാടന പദ്ധതിയും ഉപേക്ഷിച്ചതായി അറിയിച്ചിട്ടുണ്ട്. ഇവ റദ്ദാക്കുന്നതായി സ്വദേശി ദര്‍ശന്‍ ഡിവിഷനാണ് കേരളത്തെ അറിയിച്ചത്. ടൂറിസം പദ്ധതികള്‍ ഉപേക്ഷിക്കുന്നതായി സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.എന്നാല്‍ കാരണം വ്യക്തമാക്കിയിട്ടില്ല.

ശിവഗിരി പദ്ധതി 69.47 കോടിയുടേതാണ്. രണ്ടാമത്തേതിന് 85.23 കോടി രൂപയും ചെലവു വരുന്ന പദ്ധതിയാണ്.സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീനാരായണഗുരു ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആദ്യ ഘട്ടത്തിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വഹിക്കുകയും ചെയ്തിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരും സഹകരണം വാഗ്ദാനം ചെയ്തിരുന്നു.

ശിവഗിരിമഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിപ്പുറം ക്ഷേത്രം എന്നീ ഗുരുദേവകേന്ദ്രങ്ങളുടെ വികസനമായിരുന്നു വിഭാവനം ചെയ്തിരുന്നത്. എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തിയുള്ള തീര്‍ഥാടന സര്‍ക്യൂട്ടും കേന്ദ്ര തീരുമാനത്തോടെ ഇല്ലാതായിരിക്കുകയാണ്.

കോവിഡില്‍ തകര്‍ന്നുനില്‍ക്കുന്ന സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് കനത്ത പ്രഹരമാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker