ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഭീതിപടര്‍ത്തി പടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍, വാക്സീന്‍ വിതരണത്തിന് പ്രാമുഖ്യം നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ആഗോള വാക്സിനേഷന്‍ പരിപാടിയുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ വാക്സീന്‍ നല്‍കുക. ഇത്തരത്തില്‍ മരണങ്ങള്‍ തടയാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും യെച്ചൂരി കത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഓക്സിജനും വാക്സിനും നല്‍കി മരണങ്ങള്‍ തടയാന്‍ കഴിയുന്നില്ലെങ്കില്‍ താങ്കളുടെ സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
‘വളരെ വേദനയിലും സങ്കടത്തിലും ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. അഭൂതപൂര്‍വമായ ഈ ആരോഗ്യ-മാനുഷിക പ്രതിസന്ധി, കൊവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണ്. എന്ന വരികളിലൂടെ വൈകാരികമായാണ് യെച്ചൂരിയുടെ കത്ത് തുടങ്ങുന്നത്.
പിഎം കെയര്‍ ഫണ്ട് സുതാര്യമായി വാക്സിനേഷനും ഓക്സിജന്‍ വിതരണത്തിനും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.