കൊച്ചി:സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സി.പി.എമ്മിലും കേരള കോണ്‍ഗ്രസിലും പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബ് മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചു. കടകള്‍ കയറിയുള്ള വോട്ട് അഭ്യര്‍ത്ഥനയാണ് തുടങ്ങിയത്. സിന്ധുമോള്‍ക്കെതിരെ പ്രതിഷേധിച്ച കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അവരുടെ കോലം കത്തിച്ചു. ജോസ് കെ.മാണി അടക്കമുള്ള പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിന്ധുമോള്‍ ജേക്കബ് പിറവത്തു പ്രചരണം തുടങ്ങിയത്.
കടകള്‍ കയറിയും നഗരത്തിലെ നാട്ടുകാരെ കണ്ടുമെല്ലാമായൊരുന്നു വോട്ടു ചോദിക്കല്‍.തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തള്ളിയ സിന്ധുമോള്‍ ജേക്കബ് പൂര്‍ണ ആത്മവിശ്വാസത്തിലാണ്.സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് പിറവത്ത് ജോസ് കെ മാണിയുടെ കോലം കത്തിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ഏറെക്കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ജില്‍സ് പെരിയ പുറത്തെ ജോസ് കെ.മാണി ചതിച്ചെന്നും പിറവം സീറ്റ് പണം വാങ്ങി വിറ്റേന്നും പ്രതിഷേധക്കാര്‍ ഒന്നടങ്കം ആരോപിച്ചു. ഇടതുമുന്നണി തീരുമാനിച്ച സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. സിന്ധുമോള്‍ക്കൊപ്പം ജോസ് കെ.മാണിയും ഇടതു മുന്നണി നേതാക്കളും വരും ദിവസങ്ങളില്‍ പ്രചാരണത്തിനിറങ്ങും. ജില്‍സ് പെരിയ പുറത്തിന്റെ മുന്നോട്ടുള്ള നടപടികള്‍ എന്താണെന്നും പിറവത്തുകാര്‍ ഉറ്റുനോക്കുന്നുണ്ട്.
അതിനിടെ സിന്ധുമോള്‍ ജേക്കബിനെതിരായ അച്ചടക്ക നടപടിയില്‍ കോട്ടയത്തെ സിപിഎമ്മില്‍ ഭിന്നത തുടരുകയാണ്.സിന്ധുമോളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ലോക്കല്‍ കമ്മറ്റിയുടെ നടപടിക്ക് പാലാ ഏരിയാ കമ്മിറ്റി അംഗീകാരം നല്‍കി. നടപടിയില്ലെന്ന് ജില്ലാ സെക്രട്ടറി വിശദീകരിക്കുമ്പോഴാണ് അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകാനുള്ള കീഴ്ഘടകങ്ങളുടെ തീരുമാനം.
സിന്ധുമോളെ അനുകൂലിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാടിനെ തള്ളുകയാണ് കീഴ്ഘടകങ്ങള്‍. സിപിഎമ്മില്‍ അംഗമായിരിക്കെ മറ്റൊരു പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്നത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം തന്നെയെന്നാണ് ഏരിയ കമ്മറ്റിയുടെ വിലയിരുത്തല്‍. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ പുറത്താക്കല്‍ തീരുമാനം അംഗീകരിച്ച ഏരിയാ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. പതിനാല് വര്‍ഷമായി സിപിഎം ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമാണ് സിന്ധുമോള്‍.
മത്സരിക്കാനുള്ള താത്പര്യം പാര്‍ട്ടിയെ അറിയിച്ചിരുന്നുവെങ്കിലും രണ്ടില ചിഹ്നത്തിലാണ് മത്സരമെന്ന കാര്യം ബ്രാഞ്ചില്‍ പോലും അറിയിച്ചില്ല. ഉഴവൂര്‍ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ഇടതു സ്വതന്ത്രയായിട്ടായിരുന്നു ഇതുവരെ സിന്ധുമോളിന്റെ മത്സരം. ഇത്തവണയും ഇടത് സ്വതന്ത്രയാകുമെന്നായിരുന്നു പ്രതീക്ഷ.
കേരള കോണ്‍ഗ്രസ് ലിസ്റ്റില്‍ ഇടംപിടിച്ചെങ്കിലും രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് സിന്ധുമോള്‍ വ്യക്തമാക്കിയതോടെയാണു പാര്‍ട്ടിയുടെ അച്ചടക്ക നടപടി. സിപിഎം നേതൃത്വം കേരള കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണകള്‍ പ്രകാരമാണ് സിന്ധുമോള്‍ പിറവത്ത് സ്ഥാനാര്‍ഥിയായത്.എന്നാല്‍ പാര്‍ട്ടി ഘടകങ്ങളെ അറിയിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുത്തതാണ് സിപിഎമ്മിന് തിരിച്ചടിയായത്. സിന്ധുമോളിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പിറവത്തും പ്രതിഷേധം തുടരുകയാണ്.