ലണ്ടന്‍: ലോകജനതയെ തന്നെ ഭീതിയിലാക്കി പടര്‍ന്നുകൊണ്ടിരിക്കുന്ന മഹാമാരി കൊറോണ വൈറസിനെ കുറിച്ചുള്ള പഠനത്തില്‍ വൈറസ് ബാധിക്കുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന പുതിയൊരു പ്രശ്നം കൂടി കണ്ടെത്തി. വൈറസ് ബാധിക്കുന്നവരില്‍ തലച്ചോറിന് ദീര്‍ഘകാല ആഘാതമുണ്ടാക്കാമെന്നും ചിലരില്‍ തലച്ചോറിന് 10 വര്‍ഷം വരെ പ്രായമേറിയത് പോലെ അനുഭവപ്പെടാമെന്നുമാണ് പഠനം.
കൊവിഡ് തലച്ചോറിന്റെ ധാരണാ ശക്തിയെ കാര്യമായ തോതില്‍ ബാധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഡോ. ആദം ഹാംപ്ഷയര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. 84,000ലധികം പേരെ അടിസ്ഥാനമാക്കി നടത്തിയ പഠനം അനുസരിച്ച് കൊവിഡ് രോഗമുക്തി നേടിയവര്‍ ലക്ഷണങ്ങളെ അതിജീവിച്ച് കഴിഞ്ഞും തലച്ചോറിന്റെ ഗ്രഹണ ശേഷി സംബന്ധമായ പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കാം.
ഗ്രേറ്റ് ബ്രിട്ടീഷ് ഇന്റലിജെന്‍സ് ടെസ്റ്റ് എന്നായിരുന്നു ഈ പരീക്ഷണത്തിന്റെ പേര്. വാക്കുകള്‍ ഓര്‍ത്തിരിക്കാനും പസിലുകള്‍ ചെയ്യാനുമൊക്കെയുള്ള തലച്ചോറിന്റെ കഴിവിനെയാണ് കോഗ്നിറ്റീവ് ടെസ്റ്റുകളിലൂടെ അളക്കുന്നത്. അല്‍സ്ഹൈമേഴ്‌സ് പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ തലച്ചോറിന്റെ ശേഷി അളക്കാന്‍ ഇത്തരം ടെസ്റ്റുകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലൊരു പരീക്ഷയാണ് 84,285 പേരെ കൊണ്ട് ഹാംപ്ഷയറും സംഘവും ചെയ്യിച്ചത്. ഇതിലൂടെ ചിലരുടെ തലച്ചോറിന് 10 വര്‍ഷമെങ്കിലും പ്രായമേറിയത് പോലെ കണ്ടെത്തുകയായിരുന്നു.