കോഴിക്കോട്: അതിവേഗ റെയിലിൽ കെ സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. പാർട്ടിയുടെ നിലപാട് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ.
വികസനത്തിന് എതിരല്ല. എന്നാൽ ജനങ്ങളുമായി ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ നീതി വേണമെന്നാവശ്യപ്പെട്ട് ഹർഷിന നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ.
പാർട്ടി സംസ്ഥാന ഉപാധ്യക്ഷയേക്കാൾ സംസ്ഥാനത്തിനായി പ്രവർത്തിക്കേണ്ട ചുമതല വി മുരളീധരനുണ്ട്. രാജ്യസഭ എം പി സ്ഥാനം വരദാനമായി കിട്ടിയതാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സമരപ്പന്തലിലേക്ക് മന്ത്രി വി മുരളീധരൻ എത്തിയിട്ടില്ല. കോഴിക്കോട്ടുകാരൻ എന്ന നിലയിൽ അദ്ദേഹം എത്രയും പെട്ടെന്ന് സന്ദർശിക്കണം. പാർട്ടിയിൽ ചുമതലകൾ ഇല്ലെങ്കിലും ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ആരോഗ്യ മേഖലയോട് സർക്കാരിന് അവഗണനയാണ്. നഴ്സിംഗ് പഠനത്തിന് പോലും സംസ്ഥാനത്ത് അവസരം ഒരുക്കുന്നില്ല. വിദഗ്ധ പഠനം ഇല്ലാത്ത ആളുകൾ ആണ് ആരോഗ്യമേഖലയിൽ. അടിയന്തിരമായി പ്രശ്നപരിഹാരം കാണാൻ വീണ ജോർജ്ജിന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. ക്ലിഫ് ഹൗസിലെ കുളം നവീകരിക്കാൻ സർക്കാരിന് ഒരു തടസ്സവും ഇല്ല. എന്നാല്‍ അടിസ്ഥാന വർഗ്ഗങ്ങളുടെ നേർക്ക് കണ്ണടക്കുന്നു. കുടുംബ വാഴ്ചക്ക് മാത്രമാണു പിണറായി ശ്രദ്ധിക്കുന്നത്.
ഹർഷിനക്ക് ആരോഗ്യ മന്ത്രി നൽകിയ വാക്ക് പാലിക്കാൻ തയ്യാറാകണം. അർഹമായ നഷ്ടപരിഹാരം നൽകി മാപ്പ് പറയാൻ മന്ത്രി തയ്യാറാവണം. മെഡിക്കൽ കോളേജ് നിയമങ്ങളിൽ പോലും പാർട്ടിക്കാരെ നിയമിക്കുന്നു. മെഡിക്കൽ കോളജ് സൂപ്രണ്ട് നിയമനത്തിൽ പോലും ഇതാണ് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.