EntertainmentKeralaNews

ദോശക്കല്ലിൽ നിന്നും ഇഡ്ഡലി പ്രതീക്ഷിക്കരുത്, ഒരാളെ ഇല്ലായ്മ ചെയ്യേണ്ട സാഹചര്യത്തിലേക്കു പോകേണ്ട കാര്യമുണ്ടോ? ഷിബുബേബി ജോൺ

കൊച്ചി: മോഹന്‍ലാലിനെ (Mohanlal) കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് (Lijo Jose Pellissery) സംവിധാനം ചെയ്ത ‘മലൈക്കോട്ടെ വാലിബന്റെ’ (Malaikottai Vaaliban) റിവ്യൂ ബോംബിങ്ങിന് (Rview Bombing) പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുമുണ്ടെന്ന് നിര്‍മാതാവ് ഷിബുബേബി ജോണ്‍. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റില്ല.

എന്നാല്‍, സിനിമാ വ്യവസായത്തെ തന്നെ തകര്‍ക്കുന്നതാണ് ഇപ്പോള്‍ നടക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സൗഹൃദത്തിന്റെ ആഴം അളക്കാനാവില്ല. അവരുടെ പേരില്‍ ആരെങ്കില്‍ സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ വിഡ്ഢികളാണ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും പറയുകയാണ് ഷിബു ബേബി ജോണ്‍.

ഷിബു ബേബി ജോണിന്റെ പ്രതികരണം:

”സിനിമയ്‌ക്കെതിരായ ആക്രമണത്തില്‍ പുതുമ തോന്നുന്നില്ല. രാഷ്ട്രീയത്തില്‍ ഇതൊക്കെ അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍. പക്ഷേ സിനിമയിലും ഇതുണ്ട് എന്ന് മനസ്സിലാക്കിയതിലുള്ള വിഷമം എനിക്കുണ്ട്. വളരെ പ്രതികൂലമായേക്കും എന്നൊരു ഘട്ടത്തില്‍ ഭയന്നിരുന്നു. അതുപോലുള്ള റിവ്യൂ ബോംബിങ് നടന്നു. പക്ഷേ അത് മാറി ഇപ്പോള്‍ നല്ലൊരു സിനിമ എന്ന അഭിപ്രായം ഉയര്‍ന്നു വരുന്നുണ്ട്. പക്ഷേ നിയമം കൊണ്ടൊന്നും ഇതിന് തടയിടാന്‍ കഴിയില്ല.

കാരണം അഭിപ്രായം പറയുക നമ്മുടെ അവകാശമാണ്. പക്ഷേ എനിക്കിഷ്ടപ്പെട്ടില്ല എന്നു പറയുന്നതും കൊല്ലാന്‍ ശ്രമിക്കുന്നതും രണ്ടും രണ്ടാണ്. ഇതൊരു പൗരബോധത്തില്‍ നിന്ന് സ്വയം ആര്‍ജിച്ചെടുക്കേണ്ട ചില മര്യാദകമാണ്. ദോശക്കല്ലില്‍ നിന്നും നല്ല ദോശ ചുട്ടെടുത്തുകൊണ്ടിരിക്കുന്ന ആളാണ് ലിജോ. ആ ദോശക്കല്ലില്‍ നിന്നും ഇഡ്ഡലി വേണമെന്നു പറഞ്ഞാല്‍, അത് ആ പ്രതീക്ഷയര്‍പ്പിച്ചവരുടെ തെറ്റാണെന്നേ ഞാന്‍ പറയൂ.

ഡീഗ്രേഡിങ് നടത്തുന്നവരുടെ പശ്ചാത്തലം നോക്കുകയാണെങ്കില്‍ പല രാഷ്ട്രീയ താല്‍പര്യങ്ങളും മറ്റു താല്‍പര്യങ്ങളും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും തമ്മില്‍ പണ്ട് മുതലേ ഒരു മത്സരമുണ്ടായിരുന്നു. അതില്‍ മമ്മൂക്കയുടെ എല്ലാ പരീക്ഷണങ്ങളെയും അദ്ദേഹത്തെ ഇഷ്ടമുള്ളവര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ലാലിനെ ഇഷ്ടപ്പെടുന്നവര്‍ അത് ചെയ്യുന്നില്ല. ലാല്‍ അതില്‍ മാത്രം പരിമിതപ്പെടണം എന്ന് ഇവര്‍ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

നാല്‍പത് വര്‍ഷത്തോളം ലാലുമായി പരിചയമുണ്ട്. ഈ നാല്‍പത് വര്‍ഷമായി ഒരിക്കല്‍പോലും മമ്മൂക്കയെക്കുറിച്ച് മോശമായി ഒരു വാക്ക് എന്നോടോ എന്റെ സാന്നിധ്യത്തില്‍ മറ്റൊരാളാടോ ലാല്‍ പറഞ്ഞിട്ടില്ല. ഇവര്‍ തമ്മില്‍ ആ മര്യാദകളുണ്ട്. ഇവരുടെ പേരില്‍ ആരെങ്കിലും ചെയ്താല്‍പോലും അവര്‍ വിഡ്ഢികളാണെന്നേ പറയാന്‍ പറ്റൂ.

ലിജോയുമായി ഈ സിനിമയിലൂടെയാണ് പരിചയപ്പെടുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അദ്ദേഹവുമായി വളരെ അടുത്ത ബന്ധവുമായി. ഷൂട്ടിങ് ആരംഭിച്ച ദിവസം മുതല്‍ റിലീസിന്റെ തലേദിവസം വരെ ആ മനുഷ്യന്‍ അനുഭവിച്ച ടെന്‍ഷന്‍ ഞാന്‍ നേരിട്ടു കണ്ടതാണ്. മോശം പടം എടുക്കാന്‍ വേണ്ടിയല്ലല്ലോ ഈ ടെന്‍ഷന്‍ മുഴുവന്‍ അനുഭവിച്ചത്. അദ്ദേഹത്തിന്റെ സ്‌പേസില്‍ നിന്നുകൊണ്ട് മോഹന്‍ലാലിനെ എങ്ങനെ പുള്ളി കാണാന്‍ ആഗ്രഹിക്കുന്നോ അതാണ് ഈ സിനിമയില്‍ ചെയ്തത്.

അങ്ങനെയൊരു വ്യക്തിയെ പെട്ടെന്നെല്ലാവരും വലിച്ചുകീറുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദമുണ്ട്. വലിയൊരു ആഘാതം തന്നെയാണത്. അദ്ദേഹത്തിനുണ്ടായ വേദന ഇവര്‍ മനസ്സിലാക്കുന്നില്ല, ലിജോ വേറെ കുഴപ്പമൊന്നും ചെയ്തില്ലല്ലോ? ഒന്നരവര്‍ഷം കൊണ്ട് ആലോചിച്ച് എടുത്ത സിനിമ, ചിലര്‍ക്ക് ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല, ചിലര്‍ക്ക് വേഗത കുറവായി തോന്നി. പക്ഷേ അതിനുേവണ്ടി ഒരാളെ ഇല്ലായ്മ ചെയ്യേണ്ട സാഹചര്യത്തിലേക്കു പോകേണ്ട കാര്യമുണ്ടോ?.”-ഷിബു ബേബി ജോണ്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker