തിരുവനന്തപുരം: ഇനി ഒരു ജന്മമുണ്ടെങ്കില്‍ പത്രപ്രവര്‍ത്തകയായി ജീവിക്കാനാണ് തന്റെ ആഗ്രഹമെന്ന് നടി ഷീല. നിരവധി ആളുകളോട് ചോദ്യങ്ങളൊക്കെ ചോദിച്ച് സന്തോഷത്തോടെ ജീവിക്കാമല്ലോയെന്ന് ഷീല പറഞ്ഞു. തിരുവനന്തപുരം റക്ഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചിത്രപ്രദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഷീല മനസുതുറന്നത്.
അഭിനയജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ഷീല വരച്ച നൂറിലധികം ചിത്രങ്ങളുടെ പ്രദര്‍ശനമാണ് തിരുവനന്തപുരത്ത് നടന്നത്. ഒഴിവുസമയങ്ങളില്‍ വരച്ച ചിത്രങ്ങളുടെ എണ്ണം നൂറ് കടന്നപ്പോഴാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഷീല ചിത്രപ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചത്. മുമ്പ് നടത്തിയ പ്രദര്‍ശനത്തില്‍ ബേബി മാത്യു സോമതീരം വാങ്ങിയ ചിത്രങ്ങളാണ് ഇപ്പോള്‍ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന്.
മന്ത്രി എ കെ ബാലന്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ലഭിക്കുന്നത് ചിത്രം വരക്കുമ്പോഴാണെന്നും ഷീല വ്യക്തമാക്കി. ജെ സി ഡാനിയേല്‍ അവാര്‍ഡ് ഏറ്റുവാങ്ങാനായി തിരുവനന്തപുരത്തെത്തിയതാണ് നടി ഷീല. ഇന്ന് വൈകീട്ടാണ് മുഖ്യമന്ത്രിയില്‍ നിന്നും ഷീല പുരസ്‌കാരം ഏറ്റുവാങ്ങുക.