Newspravasi

ഷാര്‍ജ ലേബര്‍ ടൂര്‍ണമെന്റ് 13 മുതല്‍

ഷാര്‍ജ ഗവണ്‍മെന്റിന് കീഴിലുള്ള ലേബര്‍ സ്റ്റാന്റേര്‍ഡ്‌സ് ഡെവലപ്മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത്തെ ലേബര്‍ സ്പോര്‍ട്സ് ടൂര്‍ണമെന്റ് 2019 ഡിസംബര്‍ 13 മുതല്‍ 2020 മാര്‍ച്ച് 27 വരെ നടക്കും.

എല്ലാ വെള്ളിയാഴ്ചയും രാവിലെ 7 മണി മുതല്‍ വൈകിട്ട് 5.30 വരെ ഷാര്‍ജ വിമാനത്താവളത്തിന് എതിര്‍വശത്തുള്ള ഷാര്‍ജ നാഷണല്‍ പാര്‍ക്കിലെ ഷാര്‍ജ സ്പോര്‍ട്സ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുകയെന്ന് ഷാര്‍ജ ലേബര്‍ സ്റ്റാന്റേര്‍ഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി വിളിച്ചുചേര്‍ത്ത മാദ്ധ്യമസമ്മേളനത്തില്‍ അതോറിറ്റി ചെയര്‍മാന്‍ സാലേം യൂസഫ് അല്‍ ഖസീര്‍ അറിയിച്ചു.

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ബരജീത് ഹാളില്‍ നടന്ന മാദ്ധ്യമസമ്മേളനത്തില്‍ ഷാര്‍ജ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഇസ്സ ഹിലാല്‍ അല്‍ ഹസാമി, റീച്ച് ടാര്‍ഗറ്റ് സ്‌പോര്‍ട്‌സ് സര്‍വ്വീസസ് ഡയറക്ടര്‍ താരിഖ് സലേം അല്‍ ഖാന്‍ബാഷി, ഫാസ്റ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്റ്റിംഗ് കമ്പനി സി.ഇ.ഒ. എഞ്ചിനീയര്‍ ഫാത്തി അഫാന എന്നിവരും പങ്കെടുത്തു.

ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് 250, 000 ദിര്‍ഹം വിലമതിക്കുന്ന ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനങ്ങളും ലഭിക്കും. മത്സരിക്കുന്നവര്‍ക്കും മത്സരം വീക്ഷിക്കാനെത്തുന്നവര്‍ക്കും സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ടൂര്‍ണമെന്റില്‍ ഒരുക്കിയിട്ടുണ്ട്.

മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രശസ്തരായ കളിക്കാരെ കാണാനും അവരോടൊപ്പം കളിക്കാനുമുള്ള അവസരം ലഭിക്കും.

ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെയും ഷാര്‍ജ കിരീടാവകാശിയുടെയും പ്രത്യേകമാര്‍ഗനിര്‍ദേശപ്രകാരമാണ് 2017-ല്‍ ലേബര്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് ആരംഭിച്ചതെന്ന്, ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി വിളിച്ചുചേര്‍ത്ത മാദ്ധ്യമസമ്മേളനത്തില്‍, അതോറിറ്റി ചെയര്‍മാന്‍ സലേം യൂസഫ് അല്‍ ഖസീര്‍ അറിയിച്ചു.

ഈ വര്‍ഷത്തെ ലേബര്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റില്‍ ക്രിക്കറ്റ്, വോളിബോള്‍, ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഹോക്കി എന്നീ അഞ്ച് ഗെയിമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ എല്ലാ പുരുഷതൊഴിലാളികള്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാം.

മത്സരങ്ങള്‍ വീക്ഷിക്കാനെത്തുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. കുട്ടികള്‍ക്കുള്ള വിവിധവിനോദപരിപാടികള്‍ പ്രത്യേകമായി ഒരുക്കുന്നുണ്ട്.

രാഷട്രനിര്‍മ്മാണത്തിന് വിലയേറിയ സംഭാവന നല്‍കുന്ന തൊഴിലാളികളുടെ കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കുവാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമാണ് ബേര്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഡെവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ സലേം യൂസഫ് അല്‍ ഖസീര്‍ പറഞ്ഞു,

35 ടീമുകളുമായി 2017-ലാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. ഈ വര്‍ഷം 140 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.

തൊഴിലാളികളില്‍ പലരും തങ്ങളുടെ അസൗകര്യങ്ങള്‍ നിറഞ്ഞ, പരിമിതമായ ചുറ്റുപാടുകളില്‍ ക്രിക്കറ്റ്, വോളിബോള്‍, ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ഹോക്കി തുടങ്ങിയവ കളിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലേബര്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചതെന്ന് ഷാര്‍ജ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഇസ്സാ ഹിലാല്‍ അല്‍ ഹസാമി പറഞ്ഞു. രാഷ്ട്രനിര്‍മ്മാണത്തിന് ഷാര്‍ജയെ സഹായിക്കുന്ന തൊഴിലാളികളുടെ സമഗ്രക്ഷേമത്തിനായി ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെയും ഷാര്‍ജ കിരീടാവകാശിയുടെയും പ്രത്യേകതാത്പര്യം അനുസരിച്ചാണ് ലേബര്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന് രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഷാര്‍ജ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും റീച്ച് ടാര്‍ഗറ്റ് സ്‌പോര്‍ട്‌സ് സര്‍വ്വീസസിന്റെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഷാര്‍ജ പോലീസ് അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകളുടെയും വിവിധസ്വകാര്യസ്ഥാപനങ്ങളുടെയും പങ്കാളിത്തവും ലേബര്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിലുണ്ട്.

ലേബര്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് നടത്തുകയെന്നതിന്റെ പ്രധാനലക്ഷ്യം, സര്‍ക്കാര്‍ വകുപ്പുകളും എമിറേറ്റിലെ തൊഴിലാളികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുകയെന്നതാണെന്ന് സലേം യൂസഫ് അല്‍ ഖസീര്‍ പറഞ്ഞു.

വിവിധദേശക്കാരായ തൊഴിലാളികള്‍ കൂടുതലും കളിക്കുന്ന ഗെയിം ഇനങ്ങളാണ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ഇനങ്ങള്‍ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തും. കൂടാതെ വനിതാതൊഴിലാളികള്‍ക്കായി സമാനമായ ടൂര്‍ണമെന്റ് നടത്താനും പദ്ധതിയുണ്ട്. നിലവില്‍ ലേബര്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് പുരുഷന്മാര്‍ക്ക് മാത്രമുള്ളതാണ്.

ലേബര്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരായി ഷാര്‍ജയിലെ വിവിധസര്‍ക്കാര്‍ വകുപ്പുകളും നിരവധി സ്വകാര്യ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഷാര്‍ജ എമിറേറ്റിലെ ഭൂരിഭാഗം തൊഴിലാളികളും താമസിക്കുന്ന സജ്ജക്കും മറ്റ് ലേബര്‍ ക്യാമ്പുകള്‍ക്കും അടുത്തായതിനാലാണ് ലേബര്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന്റെ വേദിയായി ഷാര്‍ജ നാഷണല്‍ പാര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഷാര്‍ജ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഇസ്സാ ഹിലാല്‍ അല്‍ ഹസാമി അറിയിച്ചു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് അതാത് ലേബര്‍ ക്യാമ്പുകള്‍ ഗതാഗതസൗകര്യമൊരുക്കും.

ഭാവിയില്‍, ഖൊര്‍ഫക്കന്‍, ദെയ്ദ്, കല്‍ബ തുടങ്ങിയ സ്ഥലങ്ങള്‍ ടൂര്‍ണമെന്റിന്റെ വേദിയായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker