‘അമ്മ’യുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകും; നിലപാട് വ്യക്തമാക്കി ഷെയ്ന്‍ നിഗം
കൊച്ചി: നിര്‍മാതാവുമായുള്ള പ്രശ്‌നത്തില്‍ സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ചു മുന്നോട്ടുപോകുമെന്നു കാട്ടി നിര്‍മാതാക്കളുടെ സംഘടനയ്ക്കു ഷെയ്ന്‍ നിഗം കത്തുനല്‍കി. കത്തിന്റെ പകര്‍പ്പ് അമ്മയ്ക്കും നല്‍കിയിട്ടുണ്ട്. അതേസമയം, ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ നിര്‍മാതാക്കള്‍ നല്‍കിയ സമയം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഷെയ്ന്‍ വീണ്ടും കത്തുനല്‍കുന്നത്.
ആറാം തീയതിക്കുള്ളില്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നും നിര്‍മാതാക്കള്‍ നിലപാട് സ്വീകരിച്ചു. ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഷെയ്ന്‍ നിഗം കഴിഞ്ഞ ദിവസംതന്നെ തള്ളിയിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫലത്തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയില്ല എന്നുമാണ് ഷെയ്‌ന്റെ നിലപാട്.