വിലക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഷെയ്ന്‍ നിഗം; പരാതി പരിശോധിക്കുമെന്ന് ‘അമ്മ’
കൊച്ചി: നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നടന്‍ ഷെയ്ന്‍ നിഗം. തന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് നിര്‍മാതാക്കളുടെ സംഘടന നടപടി സ്വീകരിച്ചത്. സംഘടനയുടെ രേഖമൂലമുള്ള തീരുമാനം വന്നശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഷെയ്ന്‍ നിഗം അറിയിച്ചു.
അതേസമയം ഷെയ്ന്‍ നിഗമിനെതിരായ പരാതി ചര്‍ച്ച ചെയ്യുമെന്ന് അമ്മ സംഘടന അറിയിച്ചു. നിര്‍മാതാക്കളില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചു. വെയില്‍, കുര്‍ബാനി എന്നീ സിനിമകളില്‍ ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന നിര്‍മാതാക്കളുടെ പരാതിയില്‍ ഷെയ്ന്‍ നിഗമിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയിരുന്നു. നിര്‍മാതാക്കള്‍ക്കുണ്ടായ നഷ്ടം ഷെയ്ന്‍ നികത്തണം. അതുവരെ ഷെയ്‌നിനെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ നിലപാട്.