എ.എന്‍ ഷംസീര്‍ എം.എല്‍.എ ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍
കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ ആക്രമിച്ച കേസില്‍ ഗൂഡാലോചന നടന്നുവെന്ന് പ്രതി മൊഴി നല്‍കിയ വാഹനത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ സി.പി.ഐ.എം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയത് വിവാദമാകുന്നു. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന പോലീസ് നിലപാടിനിടെ വാഹനത്തിന് എം.എല്‍.എ ബോര്‍ഡ്വെക്കാതെയാണ് ഷംസീര്‍ യോഗത്തിനെത്തിയത്. ഷംസീറിന്റെ സഹോദരന്‍ എ എന്‍ ഷാഹീറിന്റെ ഉടമസ്ഥതയിലാണ് ഈ വാഹനം. K-L 07 C D 6887 ഇന്നോവ വാഹനത്തിലാണ് ഗൂഡാലോചന നടന്നതെന്നായിരുന്നു കേസില്‍ പ്രതിയായ പൊട്ടിയന്‍ സന്തോഷിന്റെ മൊഴി.
തന്നെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയത് ഷംസീറാണെന്ന് സിഒടി നസീര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും നസീര്‍ വെളിപ്പെടുത്തിയിരുന്നു. തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ അഴിമതിക്കെതിരെ പ്രതികരിച്ചതാണ് ഷംസീറിനെ ചൊടിപ്പിച്ചത്. എംഎല്‍എ ഓഫീസില്‍വെച്ച് ഷംസീര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീര്‍ പറഞ്ഞിരുന്നു.