KeralaNews

സി.പി.എം പ്രാദേശിക നേതാവിനെ കൊന്നത് എട്ട് പേരടങ്ങിയ സംഘമെന്ന് ദൃക്സാക്ഷി

പാലക്കാട്: മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് എട്ട് പേരടങ്ങിയ സംഘമെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ സുരേഷ് പറഞ്ഞു. ഇന്ന് നടക്കേണ്ട സ്വാതന്ത്ര്യദിനാഘോഷപരിപാടികളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അക്രമിസംഘം ഇങ്ങോട്ടേക്ക് എത്തിയത്. അക്രമികൾ പഴയ പാർട്ടി പ്രവർത്തകർ കൂടിയാണ്.

സംഘത്തിലുണ്ടായിരുന്ന അനീഷ്, ശബരി എന്നിവരുണ്ടായിരുന്നു. ഇവരെ കൂടാതെ മറ്റു ആറു പേരും ചേർന്നാണ് ഷാജഹാനെ ആക്രമിച്ചത്. ഷാജഹാൻ്റെ കഴുത്തിനും കാലിനും ഇവർ വെട്ടി. അക്രമം തടയാൻ ശ്രമിച്ചപ്പോൾ തനിക്ക് നേരേയും വാൾ വീശി. വെട്ടിവീഴ്ത്തി അക്രമിസംഘം മടങ്ങിയതിന് തൊട്ടുപിന്നാലെ സുരേഷിൻ്റെ നേതൃത്വത്തിലാണ് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചത്. 

അതേസമയം സ്വാതന്ത്ര്യദിനത്തിന് തലേന്ന്  സി പി എം പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് സി പി എം ഹർത്താൽ പ്രഖ്യാപിച്ചു. മരുതറോഡ് പഞ്ചായത്തിലാണ് സി പി എം ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 39 വയസ്സായിരുന്നു. പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചിട്ടുണ്ട്. ബി ജെ പി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008 ൽ ആയിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സി പി എം നേതാക്കള്‍ പറയുന്നു.

മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട്  സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി പി എം പ്രാദേശിക നേതാക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സി പി എം നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. പ്രകോപനത്തിൽ ആരും പെടരുതെന്നും സി പി എം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button