ജെ.എന്‍.യുവില്‍ നിരോധനാജ്ഞ,ബാരിക്കേഡ് മറികടന്ന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്
ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.ഫീസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിന് മുന്നിലേക്ക് പ്രതിഷേധലോങ് മാര്‍ച്ച് നടത്തുന്ന സാഹചര്യത്തിലാണ് പൊലീസ്144 പ്രഖ്യാപിച്ചത്. അതേസമയം, പൊലീസ് വിലക്കുകള്‍ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പ്രധാന ഗേറ്റിലേക്ക് മാര്‍ച്ച് തുടങ്ങി. പൊലീസ് ബാരിക്കേഡുകള്‍ മറികടന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത്.
ഭാഗികമായി റദ്ദാക്കിയ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കം ജെഎന്‍യു അധികൃതര്‍ ഭാഗികമായി റദ്ദാക്കിയിരുന്നു. അതേസമയം, വിവിധ ഇനങ്ങളില്‍ സര്‍വ്വീസ് ചാര്‍ജായി ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ല.
ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു. നിലവിലെ വിദ്യാഭ്യാസ രീതി പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും വരെ സമരം തുടരും എന്നാണ് വിദ്യാര്‍ത്ഥികളുടെ സംയുക്ത കൂട്ടായ്മയായ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്റെ തീരുമാനം. എബിവിപി ഒഴികെ വിദ്യാര്‍ത്ഥി സംഘടനകളെല്ലാം പ്രതിഷേധത്തില്‍ അണിനിരന്നിട്ടുമുണ്ട്.
പ്രധാന ഗേറ്റില്‍ പ്രതിഷേധക്കാരെ തടയുമെന്നാണ് പൊലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതല്‍ പൊലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ എന്ത് വന്നാലും പതിനൊന്ന് കിലോമീറ്റര്‍ പിന്നിട്ട് ലോങ് മാര്‍ച്ച് പാര്‍ലമെന്റില്‍ എത്തുക തന്നെ ചെയ്യുമെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. സമരത്തില്‍ യുജിസി മുന്‍ ചെയര്‍മാന്‍ അടങ്ങുന്ന ഉന്നതാധികാര സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ഈ മൂന്നംഗ സമിതി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും.