News

ഷഫീഖ് വധശ്രമക്കേസില്‍ പിതാവ് ഷെരീഫിന് ഏഴ് വര്‍ഷം തടവും അരലക്ഷം പിഴയും; രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും തടവ് ശിക്ഷ

തൊടുപുഴ: നാലര വയസുകാരനായ ഷഫീഖിനെ പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിയായ ഷെഫീഖിന്റെ പിതാവ് ഷെരീഫിന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷം തടവാണ് വിധിച്ചിരിക്കുന്നത്. ഷെരീഫ് 50000 രൂപ പിഴ ഒടുക്കണം. ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. 11 വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്.

പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് കേസ്. പ്രതികള്‍ക്ക് മറ്റ് മക്കളുണ്ടെന്നും അപസ്മാരം ഉള്ള കുട്ടി കട്ടിലില്‍ നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം.

2013ലായിരുന്നു കേസിനാസ്പദമായ സംഭവം. നാലര വയസ് മാത്രം പ്രായമുണ്ടായിരുന്ന ഷഫീഖിനെ ക്രൂരമായി മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലാണ് കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ ചോദ്യം ചെയ്തപ്പോള്‍ അവ കുട്ടി സ്വയം ഉണ്ടാക്കിയതണ് എന്നായിരുന്നു പ്രതികള്‍ ഡോക്ടര്‍മാരെ അറിയിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രൂരമായ പീഡനത്തെ കുറിച്ച് കണ്ടെത്തിയത്. കുട്ടിക്ക് തനിച്ചുണ്ടാക്കാന്‍ സാധിക്കുന്ന പാടുകളല്ല അതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്. 10 വര്‍ഷമായി കേരള സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ അല്‍അസര്‍ മെഡിക്കല്‍ കോളജിന്റെ പ്രത്യേക പരിഗണനയില്‍ രാഗിണി എന്ന ആയയുടെ പരിചരണയിലാണ് ഷെഫീഖ് കഴിയുന്നത്.

സംഭവം നടന്ന് 11 വര്‍ഷത്തിനുശേഷമാണ് നിര്‍ണായകമായ കോടതി വിധി വരുന്നത്. തൊടുപുഴ ഒന്നാംക്ലാസ് അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ ഷെഫീക്കിന്റെ പിതാവ് ഉപ്പുതറ ചപ്പാത്ത്കര ഷെരീഫ്, ഭാര്യ അനീഷ എന്നിവര്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. ഷെരീഫിന്റെ രണ്ടാം ഭാര്യ അനീഷ ഷെഫീക്കിനെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം, മരണഭയം ഉളവാക്കുന്ന രീതിയില്‍ മുറിവേല്‍പ്പിക്കല്‍, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം എന്നിങ്ങനെ പത്തു വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഷെരീഫിന്റെ ആദ്യ ഭാര്യയിലെ കുട്ടിയാണ് ഷെഫീക്ക്.

2013 ജൂലൈ 15ന് ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ചേര്‍ന്നു തലയ്ക്കു മാരകമായി മുറിവേല്‍പ്പിച്ചു. ശരീരത്തിന്റെ പല ഭാഗങ്ങളും പൊള്ളിച്ചു. കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോള്‍ കുട്ടിക്കു വീണു പരുക്കേറ്റെന്നാണു മാതാപിതാക്കള്‍ പറഞ്ഞത്. തുടര്‍ന്ന് ഷെഫീക്കിനെ ആശുപത്രിയിലാക്കി. രണ്ടുപേരെയും പിറ്റേ ദിവസം കുമളി പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷെഫീക്കിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി. തലച്ചോറിനേറ്റ ക്ഷതം മൂലം കുഞ്ഞിന്റെ സംസാരശേഷി പൂര്‍ണമായും ഇല്ലാതായി.

സംസ്ഥാന സര്‍ക്കാരും സന്നദ്ധ സംഘടനകളും നാട്ടുകാരും സഹായ ധനമെത്തിച്ചതോടെ ഷെഫീഖിന് വെല്ലൂരില്‍ തുടര്‍ ചികിത്സയ്ക്കു കളമൊരുങ്ങി. ഒരു വര്‍ഷത്തെ ചികിത്സയ്ക്കു ശേഷമാണ് നേരിയ തോതില്‍ സംസാരിക്കാന്‍ തുടങ്ങിയത്. തന്റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞു. കോടതി വിധിയോട് വൈകാരികമായിട്ടായിരുന്നു രാഗിണിയുടെ പ്രതികരണം.

താന്‍ ആരാണെന്നുപോലും തിരിച്ചറിയാനാകാതെയാണ് ഷഫീഖിന്റെ ഇപ്പോഴത്തെ ജീവിതം. മുമ്പും ഇരുവരും കുട്ടിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് രണ്ടാം പ്രതിയുടെ അമ്മ മൊഴി നല്‍കിയിട്ടുണ്ട്. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. പരമാവധി ശിക്ഷ നല്‍കണം എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കുട്ടികളുണ്ടെന്നും പരിഗണന വേണമെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു. ഒന്നാം പ്രതി ശരീഫിനെതിരെ 326 പ്രകാരം മാരകമായ മുറിവേല്‍പ്പിക്കല്‍ അടക്കം ചുമത്തിയിട്ടുണ്ട്.

ദൃക് സാക്ഷികളില്ലാതിരുന്ന കേസില്‍ മെഡിക്കല്‍ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ സാരമായി ബാധിച്ചു. മെഡിക്കല്‍ തെളിവുകളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു പ്രോസിക്യൂഷന്‍ വാദം. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, വധശ്രമം ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. ഇതെല്ലാം അംഗീകരിച്ചാണ് കോടതി പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.

കേസില്‍ മെഡിക്കല്‍ തെളിവാണ് ഏറ്റവും നിര്‍ണായകമായത്. കുട്ടിക്ക് കൈ എത്താത്തയിടങ്ങളില്‍പ്പോലും പൊള്ളലുണ്ടെന്നാണ് വിവരം. സംഭവത്തിനുശേഷം ഷെഫീഖ് വര്‍ഷങ്ങളായി അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജ് അധികൃതരുടെ സംരക്ഷണയിലാണ്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. ഓഗസ്റ്റില്‍ ജഡ്ജി ആഷ് കെ.ബാല്‍ ഷെഫീഖിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker