തിരുവനന്തപുരം: ലോക്കപ്പ് മര്‍ദനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ രാജ്കുമാര്‍ കൊല്ലപ്പെട്ട ദിവസം തന്നെ ഓട്ടോ ഡ്രൈവര്‍ ഹക്കീമും ക്രൂര മര്‍ദനത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടിയാണു പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ഇടയ്ക്കിടെ ആളെ കൊല്ലുക എന്നതു പോലീസിന്റെ രീതിയായി മാറിയിരിക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച ഷാഫി പറമ്പില്‍ ആരോപിച്ചു.
ഭാര്യയെ തല്ലിയാല്‍ തല്ലുന്നവനെ തല്ലിക്കൊല്ലാന്‍ പോലീസിന് അധികാരമുണ്ടെന്ന് ഒരു മന്ത്രിവരെ ചിന്തിക്കുമ്പോള്‍ എങ്ങനെയാണ് ക്രമസമാധാനം നടപ്പാക്കുക. എല്ലാ ദിവസവും ആളെ കൊല്ലുന്നതിനാണോ ഒറ്റപ്പെട്ട മരണം എന്നു പറയുന്നത്. പോലീസിന്റെ ഇടപെടലുകളില്‍ ഈ സര്‍ക്കാരിന്റെ കാലത്തു മരിച്ചത് 32 പേരാണ്. പാര്‍ട്ടി കോടതിയുടെ ശൈലിയിലേക്കു പോലീസ് മാറരുതെന്നും ഷാഫി ആവശ്യപ്പെട്ടു.