![](https://breakingkerala.com/wp-content/uploads/2022/02/rape-1.jpg)
താനെ: മഹാരാഷ്ട്രയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് പരാതി. താനെ ജില്ലയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം നടന്നത്. കുട്ടിയോട് സ്കൂളിലെ അധ്യാപകന്‍ തുടര്‍ച്ചയായി മോശമായി പെരുമാറിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ അധ്യാപകന്‍ ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി പറഞ്ഞു. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് അധ്യാപകൻ നവീന്‍ രാമചന്ദ്ര നായരെ (42) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാസങ്ങളായി തുടരുന്ന അതിക്രമം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ ഉപദ്രവം തുടര്‍ന്നതോടെ കാര്യങ്ങള്‍ കുട്ടി അമ്മയോട് തുറന്നു പറയുകയായിരുന്നു. പരീക്ഷ ഹാളില്‍ വെച്ചും ഡാന്‍സ് ക്ലാസിലും സ്കൂളിലെ പരിപാടികള്‍ക്കിടയിലും അധ്യാപകന്‍ കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും സ്പർശിക്കുകയും ചെയ്തിരുന്നതായി പൊലീസ് എഫ് ഐ ആറില്‍ പറയുന്നു. ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അധ്യാപകനെതിരെ എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥന്‍ രാമകൃഷ്ണ റെഡ്ഡി അറിയിച്ചു.