തൃശൂർ: ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾ അറസ്റ്റിൽ. കൊരട്ടി മേലൂര്‍ കൂവക്കാട്ട് കുന്ന് സ്വദേശി പേരുക്കുടി വീട്ടില്‍ വിവേക് (36) എന്നയാളെയാണ് പൊലീസ് തന്ത്രപരമായി കുടുക്കിയത്.
പന്ത്രണ്ടും പതിമൂന്നും വയസുള്ള ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പൊലീസ് വിവേകിനെതിരെ കേസെടുത്തിരുന്നു. ഈ വിവരം അറിഞ്ഞ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ആളൂര്‍, കൊളത്തൂര്‍, തൃശൂര്‍ എന്നിവിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കഴിഞ്ഞ ദിവസം ചാലക്കുടിക്ക് അടുത്തുനിന്നാണ് ഇയാളെ മഫ്ത്തിയിലെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
പീഡനത്തിന് ഇരയായ ഒരു കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളാണ് സംഭവം പുറംലോകം അറിയാൻ ഇടയായത്. കൌൺസിലിങ്ങിന് വിധേയമാക്കിയ കുട്ടി, വിവേക് പീഡിപ്പിച്ച വിവരം തുറന്നു പറഞ്ഞു. ക്രൂരമായാണ് വിവേക് കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. ഈ കുട്ടിയുടെ പിതാവാണ് വിവരം പൊലീസിനെ അറിയിച്ചത്. ദിവസം മുഴുവൻ മദ്യപിച്ചും ലഹരിവസ്തുക്കൾ ഉപയോഗിച്ചും നടക്കുന്നയാളാണ് വിവേക്. ലഹരി ഉപയോഗിച്ചാൽ അക്രമാസക്തനാകുന്ന പ്രകൃതക്കാരനായിരുന്നു ഇയാൾ. അതുകൊണ്ടുതന്നെ വീട്ടുകാരും, അയൽവാസികളും ഇയാളെ അകറ്റിനിർത്തിയിരുന്നതായും പൊലീസ് പറയുന്നു.
ചാലക്കുടിക്കും കൊരട്ടിക്കുമിടയിൽ ദേശീയപാതയിൽ രാത്രികാലങ്ങളിൽ അതിക്രമം നടത്തി വാഹനയാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിന്‍റെ ഭാഗമായിരുന്നു വിവേക് എന്നും പൊലീസ് പറയുന്നു. കൊടകര, ചാലക്കുടി, ആളൂര്‍ സ്റ്റേഷനുകളില്‍ ഇയാൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പടെ നിരവധി കേസുകളുണ്ട്. പീഡന കേസിൽ അറസ്റ്റിലായ വിവേകിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.