മലപ്പുറം:തേഞ്ഞിപ്പലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി ഇതിന് മുമ്പും പല തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്ന് അമ്മ. പല തവണ പതിനെട്ടുകാരിയായ പെണ്‍കുട്ടി കൈഞരമ്പ് മുറിയ്ക്കുകയും ഉറക്കഗുളികകള്‍ കഴിക്കുകയും ചെയ്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്നെല്ലാം എങ്ങനെയെങ്കിലും അവളെ കൗണ്‍സലിംഗിനും ചികിത്സയ്ക്ക് വിധേയയാക്കണമെന്നും ശിശുസംരക്ഷണകേന്ദ്രത്തിലെത്തിക്കണമെന്നും താന്‍ അധികൃതരോട് പല കുറി പറഞ്ഞെങ്കിലും ആരും കേട്ടില്ലെന്നും അമ്മ മാധ്യമങ്ങളോട് കരഞ്ഞുപറയുന്നു.
ഇന്നലെ രാവിലെ 9.30-ഓടെയാണ് പെണ്‍കുട്ടിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ തന്നെയാണ് കുട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ട് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. തേഞ്ഞിപ്പലത്തെ വാടകവീട്ടില്‍ അമ്മയോടും സഹോദരനുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി താന്‍ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെണ്‍കുട്ടിയെ പ്രാതല്‍ കഴിക്കാനായി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട് പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോള്‍ ഫോണും എടുത്തില്ല. തുടര്‍ന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു.
ഉടനെ അയല്‍പക്കക്കാരെ അടക്കം വിളിച്ച് വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു. അവിടെ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
മലപ്പുറത്തും കോഴിക്കോടുമായി കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കൂട്ട ബലാത്സംഗക്കേസ് അടക്കം ആകെ ആറ് പോക്‌സോ കേസുകളില്‍ ഇരയാണ് പെണ്‍കുട്ടി. അടുത്ത ബന്ധുക്കളടക്കമുള്ളവരാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിലെ പ്രതികള്‍. തീര്‍ത്തും നിര്‍ധന കുടുംബത്തില്‍ നിന്നുളള പെണ്‍കുട്ടി മാസങ്ങളായി അമ്മയ്‌ക്കൊപ്പം തേഞ്ഞിപ്പലത്തെ വാടകവീട്ടിലായിരുന്നു താമസം. കേസ് നടപടികള്‍ തുടരുന്നതിനിടെ പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു. തുടര്‍ന്ന് പല തവണ ആത്മഹത്യാ ശ്രമങ്ങളും നടത്തിയെന്ന് അമ്മ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പോലീസ് പിന്തുണ നല്‍കിയില്ലെന്നാണ് അമ്മ പറയുന്നത്.
”അവള് പല തവണ കൈ മുറിച്ചു. പല തവണ ഗുളിക കുടിച്ചു. എനിക്കൊരു ചെറിയ മോനാണ്. അവനെയും ഇവളെയും വച്ച് ഒറ്റയ്ക്കാണ് ഞാന്‍ ജീവിക്കുന്നത്. പൊലീസുകാരോടക്കം പല തവണ ഞാന്‍ പറഞ്ഞിട്ടുണ്ട് സാറേ എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇവരെ നോക്കാന്‍ കൂട്ടിയാല്‍ കൂടില്ലാ എന്ന്. പലരുടെ അടുത്തുനിന്നും കടം വാങ്ങിയാണ് ഞാനും എന്റെ കുട്ടികളും ജീവിക്കുന്നതും ഇവളുടെ ചികിത്സയൊക്കെ നോക്കിയിരുന്നതും. ശിശുസംരക്ഷണകേന്ദ്രത്തിലേക്കോ മറ്റോ ഇവളെ മാറ്റണമെന്ന് ഞാന്‍ പല തവണ കരഞ്ഞു പറഞ്ഞതാ. ആരും കേട്ടില്ല. അത് കേട്ടിരുന്നെങ്കില്‍ എന്റെ മോള്‍ക്കീ ഗതി വരില്ല”, അവര്‍ കരഞ്ഞുപറയുന്നു.
എന്നാല്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ രേഖാമൂലം ശുപാര്‍ശ ചെയ്തതാണെന്ന് പോലീസ് അറിയിക്കുന്നു. 6 കേസുകളിലായി 4 പ്രതികള്‍ അറസ്റ്റിലായ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.
പെണ്‍കുട്ടി തൂങ്ങിമരിച്ച സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശദമായ അന്വേഷണം തന്നെ പെണ്‍കുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തും.
തേഞ്ഞിപ്പലത്ത് (Thenjippalam) പോക്‌സോ (POCSO) കേസുകളിലെ ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ (Human Rights Commission ) പൊലീസിനോട് (Kerala Police) റിപ്പോര്‍ട്ട് തേടി. കോഴിക്കോട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികളോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്