ചീമേനി:വീട്ടുമുറ്റത്തുവെച്ച് തെരുവുനായയുടെ കടിയേറ്റ ഏഴുവയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ചു. ആലന്തട്ട എ.യു.പി. സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാർഥി എം.കെ.ആനന്ദാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ മരിച്ചത്. ആലന്തട്ട എരിക്കോട്ട് പൊയിലിലെ തോമസിന്റെയും ബിന്ദുവിന്റെയും മകനാണ്.
സെപ്റ്റംബർ 13-നാണ് ആനന്ദിന് തെരുവുനായയുടെ കടിയേറ്റത്. കളിച്ചുകൊണ്ടിരിക്കെ കണ്ണിന് സമീപത്താണ് കടിയേറ്റത്. നായ ഉടൻ ഓടിപ്പോയി. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ച് പേവിഷബാധ പ്രതിരോധകുത്തിവെപ്പെടുത്തു.
മൂന്ന് കുത്തിവെപ്പെടുത്തിരുന്നു. നാലാമത്തെ കുത്തിവെപ്പ് അടുത്തയാഴ്ച എടുക്കാനിരിക്കെയാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. മൂന്നുദിവസം മുൻപ് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച ആനന്ദ് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരൻ: അനന്ദു.
കുട്ടിയുടെ ഭാരത്തിന് ആനുപാതികമായി പ്രതിരോധ മരുന്നിനൊപ്പം മുറിവിലും ശരീരത്തിലും സിറം കുത്തിവെച്ചിരുന്നുവെന്നും തലച്ചോറിനോട് ചേർന്ന് ആഴത്തിലുള്ള മുറിവായതിനാലാണ് അത് ഫലിക്കാതിരുന്നതെന്നും ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. പ്രകാശ് പറഞ്ഞു.
പേപ്പട്ടികളുടെ കടിയേറ്റ് മുഖത്തും കണ്ണിന് സമീപത്തും ഉണ്ടാകുന്ന ആഴത്തിലുള്ള മുറിവുകൾ അപകടകാരികളാണെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ.കെ.ജയശ്രീയും പറഞ്ഞു.