ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനം തടയാന്‍ ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സെറോ സര്‍വേ ആരംഭിച്ചു. സംസ്ഥാനത്ത് പരിശോധനകള്‍ നാലിരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ ഒന്നര ലക്ഷം കടന്നു. സംസ്ഥാനത്ത് പുതുതായി 5024 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതിദിന കൊവിഡ് കണക്കുകള്‍ ഡല്‍ഹിയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നത്. ജൂലൈ 10 വരെ ഡല്‍ഹിയിലെ എല്ലാ പ്രായക്കാരുമായ ഇരുപതിനായിരം പേരില്‍ സെറോ സര്‍വേ നടത്തും. കൂടാതെ പരിശോധനകളുടെ എണ്ണം നാലിരട്ടിയായി വര്‍ധിപ്പിച്ചു. ഇന്നലെ മാത്രം 21,144 പരിശോധനകളാണ് ഡല്‍ഹിയില്‍ നടത്തിയത്. ആശുപത്രിയില്‍ കിടക്കകളുടെ അഭാവം പരിഹരിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍.
ഡല്‍ഹിയിലെ ഹിന്ദുറാവു ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സമരം ആരംഭിച്ചു. ശമ്പളം മുടങ്ങിയതിനാലും സുരക്ഷാ കിറ്റുകള്‍ ഇല്ലാത്തതിനാലും ആണ് സമരം ആരംഭിച്ചത്. കൊവിഡ് മരണമുണ്ടായാല്‍ 48 മണിക്കൂറിനകം അറിയിക്കണമെന്ന് ആശുപത്രികള്‍ക്ക് ബിഎംസി നിര്‍ദേശം നല്‍കി. ജൂലൈ ഒന്ന് മുതല്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ബിഎംസി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പതിനായിരത്തിനടുത്ത് കൊവിഡ് കേസുകളാണ് കൊവിഡ് പിടിമുറുക്കിയ മറ്റൊരു സംസ്ഥാനമായ മഹാഷ്ട്രയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.