KeralaNews

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങള്‍; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍. പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ വിചാരണക്കോടതി നിരന്തരം അവഗണിക്കുകയാണെന്നും നിര്‍ണായക വാദങ്ങള്‍ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രോസിക്യൂഷന്റെ പല ആവശ്യങ്ങളും വിചാരണക്കോടതി തള്ളിയെന്നാണ് പ്രധാന ആരോപണം.

കഴിഞ്ഞ ദിവസം പ്രതികളുടെ ഫോണ്‍ രേഖകള്‍ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. വിസ്തരിച്ച ചില സാക്ഷികളേയും മറ്റ് ചിലരേയും വിസ്തരിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. പ്രതികളുടെ ഫോണ്‍കോള്‍ രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചില്ല.

വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷന്‍ നേരത്തെയും പരാതി ഉന്നയിച്ചിരുന്നു. കോടതി മുറിയില്‍ നടി കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാല്‍പ്പതോളം അഭിഭാഷകരുടെ മുന്നിലാണ് അപകീര്‍ത്തികരമായ ചോദ്യങ്ങള്‍ ഉണ്ടായതെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു. വനിതാ ജഡ്ജിയായിട്ടു പോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അനുവദിച്ചെന്ന് സര്‍ക്കാരും കോടതിയില്‍ പറഞ്ഞു.

ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും പ്രോസിക്യൂഷനും കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വരുമ്പോള്‍ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button